ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍
ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍. ബ്രസല്‍സില്‍ നടന്ന ആണവോര്‍ജ ഉച്ചകോടിയില്‍ പങ്കെടുത്തതിനുശേഷം ലണ്ടനില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ല്‍ ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്താന്‍ നിര്‍ത്തിവെച്ചത്.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്ന് പാകിസ്താനിലെ വ്യാപാരി സമൂഹം ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയുമായുള്ള നയതന്ത്ര നിലപാടില്‍ കാതലായ മാറ്റം വരുത്തുന്നതിന്റെ സൂചനയായാണ് പാകിസ്താന്റെ പുതിയ നീക്കത്തെ കാണുന്നത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്നാണ് പാകിസ്താനിലെ വ്യാപാരികള്‍ ആവശ്യപ്പെടുന്നതെന്ന് ഇഷാഖ് ദാര്‍ പറഞ്ഞു. വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് പാകിസ്താന്‍.
ഇന്ത്യയുമായുള്ള നയതന്ത്രവ്യാപാര ബന്ധം നിര്‍ത്തിവെച്ചത് പാകിസ്താന്റെ സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിച്ചിരുന്നു. പുതിയ നിക്ഷേപങ്ങള്‍ കുറഞ്ഞതിനു പിന്നാലെ വിദേശ കടങ്ങള്‍ തിരിച്ചടക്കാനും പാകിസ്താന് സാധിക്കുന്നില്ല. ഇതിനു പിന്നലെയാണ് ഇന്ത്യയുമായി വ്യാപാര ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം പാകിസ്താന്‍ നടത്തുന്നത്.പാകിസ്താനില്‍ രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശഹബാസ് ശരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചിരുന്നു. ഇത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ പുരോഗതിയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.
