തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുരക്ഷാ മാനദണ്ഡ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തി

Update: 2026-02-16 13:23 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തി. വാക്‌സീന്‍ ഉള്‍പ്പെടെ സൂക്ഷിക്കുന്ന ഫാര്‍മസികള്‍ക്ക് താപനില നിയന്ത്രണത്തിന് സംവിധാനമോ ലൈസന്‍സോ ഇല്ല. റേഡിയോഗ്രഫി യൂണിറ്റിന്റെ ലൈസന്‍സ് മൂന്നു മാസം മുന്‍പ് കാലഹരണപ്പെട്ടെന്നും ആശുപത്രിക്ക് ഫയര്‍ എന്‍ഒസി ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. നര്‍കോട്ടിക് മരുന്നുകള്‍ സൂക്ഷിക്കാന്‍ ലൈസന്‍സില്ലെന്നും, ഉപകരണങ്ങള്‍ അണുബാധ മുക്തമാക്കാനുള്ള സംവിധാനം കാര്യക്ഷമമല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ക്ലിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമ പ്രകാരമുള്ള റജിസ്‌ട്രേഷന് മുന്നോടിയായുള്ള പരിശോധനയിലാണ് മാനദണ്ഡങ്ങളില്‍ ജനറല്‍ ആശുപത്രി പൂര്‍ണ പരാജയമെന്ന് തെളിഞ്ഞത്. ഫയര്‍ എന്‍ഒസിയും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റും ആരോഗ്യവകുപ്പിന്റെ അടുത്തുള്ള ആശുപത്രിയിലില്ലെന്നതും ഗുരുതര വീഴ്ചയാണ്. ഒപി/ഐപി ഫാര്‍മസികള്‍ക്ക് മാനദണ്ഡ പ്രകാരമുള്ള ഡ്രഗ് ലൈസന്‍സില്ല. നിശ്ചിത താപനിലയില്‍ വാക്‌സീന്‍ ഉള്‍പ്പെടെ സൂക്ഷിക്കുന്ന ഫാര്‍മസികള്‍ക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ലെന്നതും ഗുരുതര വീഴ്ചയാണ്.

ഒരു റേഡിയോഗ്രഫി യൂണിറ്റിന്റെ ലൈസന്‍സ് കഴിഞ്ഞ നവംബര്‍ 28നും രണ്ടാമത്തെ യൂണിറ്റിന്റെ ലൈസന്‍സ് കാലാവധി ഡിസംബര്‍ ഒന്നിനും അവസാനിച്ചു. ജീവനക്കാര്‍ക്കോ രോഗികള്‍ക്കോ റേഡിയേഷന്‍ കാരണമുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാതെ അതീവ സുരക്ഷിതമായി പ്രവര്‍ത്തിക്കേണ്ടതാണ് എക്‌സ്‌റേ ഉള്‍പ്പെടെ എടുക്കുന്ന റേഡിയോഗ്രഫി യൂണിറ്റുകള്‍. ദുരുപയോഗത്തിന് സാധ്യതയുള്ള നര്‍കോട്ടിക് മരുന്നുകള്‍ സൂക്ഷിക്കാനും ലൈസന്‍സില്ല. തീപിടിത്തത്തിന് ഏറെ സാധ്യതയുള്ള പഴയ കെട്ടിടങ്ങളും വയറിങും ഉള്ള ആശുപത്രിയില്‍ ഫയര്‍ ഡിപ്പാര്‍ട്‌മെന്റ് നല്‍കേണ്ട ഫയര്‍ എന്‍ഒസിയും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റും ഇല്ലെന്നും കണ്ടെത്തി.

Tags: