കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ്. 2024 ല്‍ നടന്ന ബി ബി എ രണ്ടാം സെമസ്റ്റര്‍ പരീക്ഷ പേപ്പര്‍ മൂല്യനിര്‍ണയത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ബിബിഎ വിദ്യാര്‍ഥികളുടെ ഉത്തര പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തിയത് ബികോം വിഭാഗത്തിലെ അധ്യാപകരെന്നാണ് കണ്ടെത്തല്‍.
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ രാജപുരം സെന്റ് പയസ് കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. 2024 ല്‍ നടന്ന ബിബിഎ രണ്ടാം സെമസ്റ്റര്‍ ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ് പരീക്ഷയുടെ ഫലം വന്നതോടെ രാജപുരം കോളജിലെ ബിബിഎ വിദ്യാര്‍ഥിനി നൗഷിബ നസ്റിന് നാല്‍പ്പതില്‍ അഞ്ചു മാര്‍ക്ക് ലഭിച്ചു. പഠനത്തില്‍ മികച്ചു നിന്നിരുന്ന വിദ്യാര്‍ഥിനി ഇതോടെ മാനസിക സംഘര്‍ഷത്തില്‍ ആയി . പുനര്‍മൂല്യനിര്‍ണയത്തിന് നല്‍കിയതോടെ പരീക്ഷാഫലം നാല്‍പ്പതില്‍ 34 ആയി മാറി. ഇതോടെയാണ് വിദ്യാര്‍ഥിനി സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയത്. വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ മനുഷ്യവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.
സര്‍വകലാശാലയുടെ അന്വേഷണത്തില്‍ ബി ബി എ ഉത്തര പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തിയത് ബികോം വിഭാഗത്തിലെ അധ്യാപകരാണെന്ന് കണ്ടെത്തുകയായിരുന്നു. ഉത്തര പേപ്പറുകള്‍ കൈമാറ്റം ചെയ്യുന്നതില്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് ഉണ്ടാകുന്ന വീഴ്ചയില്‍ അന്വേഷണം വേണമെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.