വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നു; ഒടുവില്‍ നിരപരാധി എന്ന് കണ്ടെത്തി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തരാവുകയും ചെയ്ത മൂന്നുപേര്‍ നഷ്ടപരിഹാരം ചോദിച്ച് സുപ്രിം കോടതിയില്‍ ഹരജി നല്‍കി.
വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ കഴിഞ്ഞിരുന്ന മഹാരാഷ്ട്ര സ്വദേശിയായ രാംകീരത് മുനിലാല്‍ ഗൗഡ്, തമിഴ്‌നാട്ടിലെ കട്ടവെള്ളൈ, ഉത്തര്‍പ്രദേശിലെ സഞ്ജയ് എന്നിവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചത്.
'തെറ്റായ അന്വേഷണം, വ്യാജസാക്ഷികള്‍, മറച്ചുവച്ച തെളിവുകള്‍ എന്നിവ മൂലം എന്റെ ജീവിതം നശിപ്പിക്കപ്പെട്ടു,' എന്ന് രാംകീരത് മുനിലാല്‍ ഗൗഡ് ഹരജിയില്‍ പറഞ്ഞു. 2013 ഒക്ടോബര്‍ 3നു അറസ്റ്റിലായ ഗൗഡ് 2025 മേയ് 19നാണ് മോചിതനായത്. ഈ കാലയളവില്‍ പരോള്‍ ലഭിച്ചിട്ടില്ലെന്നും ഭാര്യ സാവിത്രി ദേവി നിയമപരമായ ചെലവുകള്‍ക്കായി അവരുടെ ഭൂമിയും ആഭരണങ്ങളും പണയപ്പെടുത്തുകയും കുട്ടികള്‍ സ്‌കൂള്‍ പഠനം ഉപേക്ഷിക്കുകയും ചെയ്തതായി ഹരജിയില്‍ പറയുന്നു.
2019 മാര്‍ച്ച് 8നു കൊലപാതകത്തിനും പീഡനത്തിനും ഗൗഡിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ 2025 മേയ് 7ന് സുപ്രിംകോടതി എല്ലാ കുറ്റാരോപണങ്ങളിലും വെറുതെവിട്ടു. അന്വേഷണം തെറ്റായും വ്യാജമായും നടന്നതായും സാക്ഷികളെ കെട്ടിച്ചമച്ചതായും കോടതി കണ്ടെത്തി.
തമിഴ്നാട്ടിലെ കൊലപാതകങ്ങള്‍ക്കും ബലാല്‍സംഗത്തിനും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ ഹരജിക്കാരനായ കട്ടവെള്ളൈയെ കുറ്റവിമുക്തനാക്കിയപ്പോള്‍, തെറ്റായി തടങ്കലില്‍ വച്ച കേസുകളില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് നിയമം വേണമെന്ന് സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ മൂന്നുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നാമത്തെ ഹരജിക്കാരനായ സഞ്ജയ് കുറ്റക്കാരനെല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെറുതെവിട്ടു. പ്രോസിക്യൂഷന്‍ സംശയാതീതമായി കേസ് തെളിയിച്ചിട്ടില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
നിയമവിരുദ്ധമായ അന്വേഷണത്തിന്റെയും കെട്ടിച്ചമച്ച തെളിവുകളുടെയും ഫലമായി തെറ്റായി ശിക്ഷിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട ഒരാള്‍ക്ക് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനത്തിന് ആര്‍ട്ടിക്കിള്‍ 21 പ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടോ എന്ന ചോദ്യം രാംകിരാത് ഗൗഡിന്റെ റിട്ട് ഹരജി ഉയര്‍ത്തിയിരിക്കുകയാണ്.
