മുംബൈ: തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്ക് പിന്നാലെ നിക്ഷേപകരുടെ ലാഭമെടുപ്പ് ശക്തമായതോടെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്കിങ്, ധനകാര്യ ഓഹരികളിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ പിന്നോട്ടടിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 122.56 പോയിന്റ് ഇടിഞ്ഞ് 77,988.68ലും എന്‍എസ്ഇ നിഫ്റ്റി 24,200നു താഴെയുമായി വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ഒടുവില്‍ 24,150 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.
വ്യാപാരത്തിന്റെ തുടക്കത്തില്‍ മികച്ച നേട്ടം കൈവരിച്ച സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 78,730 വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ച് ലാഭമെടുപ്പിലേക്ക് തിരിഞ്ഞത് വിപണിയെ താഴേക്ക് വലിച്ചു. സെന്‍സെക്‌സ് ഓഹരികളില്‍ എച്ച്ഡിഎഫ്‌സി ബാങ്കിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 1.75 ശതമാനമാണ് ഓഹരി ഇടിഞ്ഞത്. ടൈറ്റന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, കോട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയും നഷ്ടം രേഖപ്പെടുത്തി.
ആഗോള വിപണിയിലെ അനിശ്ചിതത്വവും ധനകാര്യ മേഖലയിലെ സമ്മര്‍ദ്ദവും ഇന്നത്തെ വ്യാപാരത്തെ ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കുതിച്ചുചാട്ടത്തിന് പിന്നാലെ നിക്ഷേപകര്‍ ലാഭം ഉറപ്പാക്കാന്‍ നീങ്ങിയിതും ഇടിവിന് കാരണമായി.