കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി; യാത്രക്കാര്‍ നേരത്തെ എത്തണം

Update: 2025-08-12 04:56 GMT

നെടുമ്പാശ്ശേരി: രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഈ മാസം 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) നിര്‍ദേശപ്രകാരം കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകളും കര്‍ശനമാക്കി. യാത്രക്കാരെയും ബാഗേജുകളും വിശദമായി പരിശോധിക്കും. നിരീക്ഷണവും ശക്തമാക്കി.

സാധാരണയുള്ള സുരക്ഷാ പരിശോധനകള്‍ക്കു പുറമേ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പും (ലാഡര്‍ പോയിന്റ്) യാത്രക്കാരെ വീണ്ടും പരിശോധിക്കുന്നുണ്ട്. പരിശോധനകള്‍ക്കായി കൂടുതല്‍ സമയം വേണ്ടി വരുമെന്നതിനാല്‍ യാത്രക്കാര്‍ നേരത്തേ വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.