സര്‍ക്കാര്‍ ആശുപത്രിയില്‍ സുരക്ഷാ വീഴ്ച; ഐസിയുവില്‍ എലിയുടെ കടിയേറ്റ് കുഞ്ഞ് മരിച്ചു

Update: 2025-09-03 07:35 GMT

ഇന്‍ഡോര്‍ (മധ്യപ്രദേശ്): മഹാരാജ യശ്വന്ത്റാവു സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന രണ്ട് നവജാതശിശുക്കളെ എലി കടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. മരണകാരണം ന്യുമോണിയയാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രി വാര്‍ഡിലെ വിവിധ ഭാഗങ്ങളില്‍ എലികള്‍ വിഹരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി.

ഐസിയുവില്‍ ചികിത്സയിലായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ക്കാണ് എലിയുടെ കടിയേറ്റത്. ഒരു കുഞ്ഞിന്റെ വിരലിലും മറ്റൊരാളുടെ തലയിലും തോളിലുമാണ് എലി കടിച്ചത്. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് നഴ്സുമാര്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് ഐസിയുവില്‍ എലികളുടെ സാന്നിധ്യം കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ സൂപ്രണ്ടിനെയും നേഴ്സുമാരെയും സസ്പെന്‍ഡ് ചെയ്തു. കീടനിയന്ത്രണത്തിന് ചുമതലയുള്ള സ്വകാര്യ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. എലിയുടെ കടിയേറ്റ രണ്ടാമത്തെ കുഞ്ഞ് ശസ്ത്രക്രിയക്ക് വിധേയനായിരിക്കുകയാണെന്നും ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലാണ് എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags: