'ചെമ്പടയ്ക്ക് കാവലാള്‍'; മുഖ്യമന്ത്രിയെ വീണ്ടും വാഴ്ത്തിപാടി സെക്രട്ടേറിയറ്റ് ജീവനക്കാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും വാഴ്ത്തിപാടി സെക്രട്ടേറിയറ്റ് ജീവനക്കാര്‍. നേരത്തെ പുറത്തിറങ്ങിയ 'ചെമ്പടയ്ക്ക് കാവലാള്‍..' എന്ന ഗാനമാണ് ജീവനക്കാര്‍ വീണ്ടും ആലപിച്ചത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഗാനാലാപനം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാ കമ്മറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്.
മൂന്ന് വര്‍ഷം മുമ്പ് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ 'കാരണഭൂതന്‍' എന്ന് വിശേഷിപ്പിച്ച് അവതരിപ്പിച്ച മെഗാതിരുവാതിരയോടെയാണ് വാഴ്ത്തലുകള്‍ വിവാദമാകുന്നത്. വ്യക്തിപൂജയെന്ന പേരില്‍ നിരവധി ആരോപണങ്ങള്‍ക്ക് ഇടവരുത്തിയ ഒന്നാണ് ചെമ്പടക്കു കാവലാള്‍ എന്നു തുടങ്ങുന്ന ഗാനം
ജനുവരിയില്‍ സിപിഎം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പാട്ട് പാടാന്‍ തീരുമാനിച്ചതാണ് വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയത്. ഗാനം വ്യക്തിപൂജയുടെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നതോടെ പാട്ട് ഒഴിവാക്കാന്‍ തീരുമാനിച്ചുവെങ്കിലും പിന്നീട് മുഖ്യമന്ത്രിയെത്തിയപ്പോള്‍ ആലപിച്ചു.