ആലപ്പുഴ: 2006ല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കൊന്ന് കഷ്ണങ്ങളാക്കി പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്ന് പ്രതി സെബാസ്റ്റ്യന്‍. 2006 മേയ് മാസത്തിലാണ് കൊലപാതകം നടന്നത്. പഴകിയെന്ന് ഉറപ്പാക്കിയ ശേഷം എല്ലുകള്‍ കത്തിച്ചു. ബിന്ദുവിന്റെ പണം തട്ടിയെടുക്കാനായിരുന്നു കൊലപ്പെടുത്തിയതെന്നും സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു.
എല്ലുകള്‍ കത്തിച്ച ശേഷം അവശേഷിച്ച അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി സംസ്‌കരിച്ചുവെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പള്ളിപ്പുറത്തെ വീട്ടില്‍ സെബാസ്റ്റ്യനെ തെളിവെടുപ്പിന് എത്തിച്ചത്. ഇതിനിടെ നല്‍കിയ സെബാസ്റ്റ്യന്റെ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. 17 വര്‍ഷം മുന്‍പു കാണാതായ ബിന്ദു കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ച് അടുത്തിടെയാണു പോലിസ് കേസെടുത്തത്. ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മയെ സമാന രീതിയില്‍ കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡിലായ സെബാസ്റ്റ്യനെ കോടതിയില്‍നിന്നു കഴിഞ്ഞ ദിവസം ആലപ്പുഴ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.