ഐഷയും കൊല്ലപ്പെട്ടെന്ന് സംശയം: സെബാസ്റ്റ്യനെതിരെ അന്വേഷണം ഊര്‍ജിതമാക്കി പോലിസ്

Update: 2025-08-23 02:49 GMT

ആലപ്പുഴ: ചേര്‍ത്തലയില്‍നിന്നു കാണാതായ റിട്ട. പഞ്ചായത്തു ജീവനക്കാരി ഹയറുമ്മ(ഐഷ) കേസില്‍ സമഗ്ര അന്വേഷണത്തിനു പോലിസ്. ഇതിനായി ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ ജി അരുണിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടറടങ്ങുന്ന ഒന്‍പതംഗ പ്രത്യേക സംഘത്തെ നിയോഗിച്ച് ജില്ലാ പോലിസ് മേധാവി ഉത്തരവിറക്കി. സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും എസ്എസ്പിയില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ചവരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഏറ്റുമാനൂരില്‍നിന്നു കാണാതായ ജെയ്നമ്മ, ചേര്‍ത്തല സ്വദേശി ബിന്ദുപദ്മനാഭന്‍ എന്നിവര്‍ കൊല്ലപ്പെട്ടതു പോലെ ഐഷയും കൊല്ലപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലിസ്. ജെയ്നമ്മക്കേസിലെ പ്രതിയായ പള്ളിപ്പുറം ചൊങ്ങംതറ സെബാസ്റ്റ്യന്‍ റിമാന്‍ഡിലാണ്. ബിന്ദുപദ്മനാഭന്‍ കേസിലും സെബാസ്റ്റ്യനെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാന്‍ നടപടികളായി.

ബിന്ദു പത്മനാഭനെ കാണാതായ സംഭവത്തില്‍ പോലിസിന്റെ അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. സെബാസ്റ്റ്യനെതിരെ കൃത്യമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ജെയ്‌നമ്മ കൊല്ലപ്പെടില്ലായിരുന്നു എന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. പഞ്ചായത്തില്‍നിന്നു വിരമിച്ച ഐഷ 2012 മേയ് വരെ മാത്രമാണ് പെന്‍ഷന്‍ വാങ്ങിയിരിക്കുന്നതെന്നും പോലിസ് കണ്ടെത്തി. മേയ് 13നാണ് ഇവരെ കാണാതാകുന്നത്. അതിനാല്‍ മേയ് മാസത്തില്‍ത്തന്നെ ഇവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇവര്‍ ജീവിച്ചിരുന്നെങ്കില്‍ പെന്‍ഷന്‍തുക പിന്‍വലിക്കുമായിരുന്നു. ഇവരുടെ പെന്‍ഷന്‍ 2016 വരെ ട്രഷറിയിലെ അക്കൗണ്ടിലേക്കെത്തിയിരുന്നു. ഇത് ആരും കൈപ്പറ്റിയിട്ടില്ല. ഇവര്‍ക്കുണ്ടായിരുന്ന വായ്പയിലേക്ക് ട്രഷറി അക്കൗണ്ടില്‍നിന്നു പണം പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.