ആലപ്പുഴ: ചേര്‍ത്തലയിലെ നിരവധി സ്ത്രീകളുടെ തിരോധാന കേസുകളിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടിനുള്ളില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്ന് സംശയം. പുതിയതായി ഗ്രനൈറ്റ് പാകിയ മുറി പരിശോധിക്കാന്‍ പോലിസ് തീരുമാനിച്ചു. ഇതിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ എത്തിക്കും. ഭൂമിക്കടിയിലെ അസ്ഥി സാന്നിധ്യം യന്ത്ര സഹായത്തോടെ കണ്ടെത്താനാണ് നീക്കം. രണ്ടര ഏക്കര്‍ പുരയിടത്തില്‍ വ്യാപക പരിശോധന നടത്തും. മുമ്പ് കാണാതായ ബിന്ദു, ഐഷ, ജെയ്‌നമ്മ എന്നിവരുടെ ബന്ധുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നും ലഭിച്ച അസ്ഥികളുമായി അവയെ താരതമ്യം ചെയ്യും. സെബാസ്റ്റ്യന് സഹായികളുണ്ടെന്ന് വെളിപ്പെടുത്തലുമായി കാണാതായ ഐഷയുടെ ബന്ധുവും ഇന്നലെ രംഗത്തെത്തി. സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയെങ്കിലും ശരീരാവശിഷ്ടങ്ങളുടെ കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല.
അതേസമയം, കാണാതായ സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ സെബാസ്റ്റ്യന് വര്‍ഷങ്ങള്‍ക്കു മുന്‍പേ പോലിസ് സഹായം ലഭിച്ചിരുന്നെന്നു ആരോപണങ്ങള്‍ ഉയരുന്നു. കടക്കരപ്പള്ളി സ്വദേശി ബിന്ദുപത്മനാഭനെ കാണാതായ കേസ് കത്തിക്കയറിയ ഘട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ അടിമുടി അട്ടിമറി നടന്നെന്നാണു പരാതി. ചേര്‍ത്തല സ്വദേശി ഐഷയെ കാണാതായ വിഷയം അന്നു സജീവമായി ഉയര്‍ന്നെങ്കിലും പോലിസ് ഗൗരവമായി പരിഗണിച്ചില്ല. ഒപ്പം സെബാസ്റ്റ്യന്റെ സന്തത സഹചാരിയായിരുന്ന മനോജിന്റെ മരണത്തിലും ഇതേ ഒളിച്ചുകളി പോലിസ് നടത്തിയെന്നും പരാതിയുണ്ട്. 2018-19 കാലത്ത് ബിന്ദുപത്മനാഭന്‍ കേസിനൊപ്പം ഐഷാ തിരോധാനവും അന്വേഷിച്ചിരുന്നെങ്കില്‍ സെബാസ്റ്റ്യന്‍ കുടുങ്ങുമായിരുന്നെന്നും ജെയ്‌നമ്മ സംഭവം ഉണ്ടാകില്ലായിരുന്നെന്നുമാണ് വിമര്‍ശനം.
