ആലപ്പുഴ: ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മ (ജെയ്ന്‍ മാത്യു) കൊല്ലപ്പെട്ടിരിക്കാമെന്നു നിഗമനം. ജെയ്‌നമ്മ തിരോധാനത്തിലെ പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറയില്‍ സി എം സെബാസ്റ്റ്യന്റെ വീട്ടില്‍ വച്ചു കൊല്ലപ്പെട്ടതാകാമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സെബാസ്റ്റ്യന്റെ വീടിന്റെ സ്വീകരണമുറിയിലും ശുചിമുറിയിലും കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതാണെന്നു സ്ഥിരീകരിച്ചിരുന്നു. വീട്ടുവളപ്പില്‍ കണ്ടെത്തിയ മൃതദേഹഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം അടുത്തയാഴ്ച ലഭിക്കുമെന്നാണു കരുതുന്നത്. ഡിഎന്‍എ പരിശോധനാഫലവും സമാനമായാല്‍ ക്രൈംബ്രാഞ്ച് അടുത്ത നടപടികളിലേക്കു കടക്കും.
സെബാസ്റ്റ്യന്‍ പല ഘട്ടങ്ങളിലായി 3 ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. മൂന്നിന്റെയും കോള്‍ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ഇയാള്‍ അവസാനം ഉപയോഗിച്ച ഫോണിന്റെ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണു ജെയ്‌നമ്മയെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചത്.
ജെയ്‌നമ്മയ്ക്കു പുറമേ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) എന്നിവരുടെ തിരോധാനത്തിലും സെബാസ്റ്റ്യന്‍ അന്വേഷണത്തെ നേരിടുകയാണ്. സ്ത്രീകളുടെ സ്വത്ത് തട്ടിയെടുക്കാന്‍ സെബാസ്റ്റ്യന്‍ അവരെ കൊലപ്പെടുത്തിയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ബിന്ദു പത്മനാഭനെയും ഐഷയെയും വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണു സെബാസ്റ്റ്യന്‍ പരിചയപ്പെട്ടത്. ബിന്ദുവിന്റെ എറണാകുളം ഇടപ്പള്ളിയിലുള്ള ഭൂമി തന്റെ പേരില്‍ വ്യാജ മുക്ത്യാര്‍ തയാറാക്കി 1.3 കോടി രൂപയ്ക്കു സെബാസ്റ്റ്യന്‍ വില്‍പന നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബിന്ദുവിന്റെ പേരിലുള്ള മറ്റു വസ്തുക്കള്‍ വിറ്റ വകയിലും സെബാസ്റ്റ്യനു പണം ലഭിച്ചിട്ടുണ്ട്.
ഐഷയെ കാണാതാകുമ്പോള്‍ ഭൂമി വാങ്ങാനുള്ള പണവും സ്വര്‍ണാഭരണങ്ങളും കൈവശമുണ്ടായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. ഏറ്റവും ഒടുവില്‍ കാണാതായ ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ സെബാസ്റ്റ്യന്‍ വില്‍പന നടത്തിയെന്നും പോലിസ് കണ്ടെത്തി.
