സ്ത്രീകളുടെ തിരോധാനങ്ങള്‍: സെബാസ്റ്റിയന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍; ഐഷയുടെ തിരോധാനവും അന്വേഷിക്കുന്നു
ചേര്‍ത്തല: കോട്ടയം സ്വദേശിനി ജെയ്‌നമ്മയെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും തെളിവ് ശേഖരിക്കണമെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി സെബാസ്റ്റിയനെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഇയാളെ പള്ളിപ്പുറത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുക്കും.
ജെയ്‌നമ്മയുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും വസ്ത്രങ്ങളും കണ്ടെത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. ഡിസംബര്‍ 23നു ജെയ്‌നമ്മ കൊല്ലപ്പെട്ടെന്നെ വിലയിരുത്തലിലാണ് അന്വേഷണ സംഘം. സെബാസ്റ്റിയന്റെ വളപ്പില്‍ നിന്നും കണ്ടെത്തിയ ശരീര അവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ശരീര അവശിഷ്ടങ്ങള്‍ ജൈനമ്മയുടേതല്ലെന്നു കണ്ടെത്തിയാല്‍ ഇതേ വീട്ടുവളപ്പില്‍ത്തന്നെ കൂടുതല്‍ അവശിഷ്ടങ്ങളുണ്ടാകുമെന്ന ഉറപ്പിലാണ് സംഘം. തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങളാണ് കണ്ടെത്തിയിരുന്നത്. ഇതിനൊപ്പം ക്യാപ്പിട്ട പല്ലും ഉണ്ടായിരുന്നു. സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്ന, പിന്നീട് കാണാതായ ബിന്ദു പത്മനാഭനും പല്ലില്‍ ക്യാപ്പിട്ടിരുന്നു. എന്നാല്‍, ചേര്‍ത്തലയില്‍നിന്നു കാണാതായ ഐഷയ്ക്കും ഇത്തരത്തില്‍ പല്ലുണ്ടായിരുന്നതായി ജില്ലാ ക്രൈംബ്രാഞ്ച് സംഘവും ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഒറ്റയ്ക്കു താമസിക്കുന്ന തന്നെ വിവാഹംകഴിക്കാന്‍ സെബാസ്റ്റ്യന്‍ സമീപിച്ചിരുന്നതായി ചേര്‍ത്തല നഗരസഭ ശാസ്താംകവല സ്വദേശിനി റോസമ്മ വെളിപ്പെടുത്തി. സ്വത്ത് ലക്ഷ്യമിട്ടാണ് വസ്തുവില്‍പ്പനയുടെ കാര്യംപറഞ്ഞ് ഇയാള്‍ അടുത്തുകൂടി വിവാഹാലോചന നടത്തിയത്. ബന്ധുക്കളെ വിവരം അറിയിക്കുമെന്നു പറഞ്ഞശേഷം ഇയാള്‍ പിന്നീടെത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കാണാതായ ഐഷയുടെ സമീപവാസിയാണ് റോസമ്മ. അയല്‍വാസിയെന്ന നിലയില്‍ ഐഷയുമായി നല്ല ബന്ധത്തിലായിരുന്നു. ഇവരെയും സെബാസ്റ്റ്യന്‍ വസ്തുവില്‍പ്പനയുടെ പേരില്‍ അടുത്തുകൂടി കബളിപ്പിച്ചിരിക്കാന്‍ സാധ്യതയുണ്ട്. കാണാതാകുന്ന കാലത്ത് ഐഷയും സെബാസ്റ്റ്യനും അടുത്ത ബന്ധത്തിലായിരുന്നു. സ്ഥലം വാങ്ങാനായി കരുതിവെച്ചിരുന്ന പണമടക്കം ഐഷയുടെ കൈവശമുണ്ടായിരുന്നതായും ഇതു സെബാസ്റ്റ്യന്‍ തട്ടിയെടുത്തിട്ടുണ്ടാകുമെന്നുമാണ് റോസമ്മ പറയുന്നത്. ഐഷയെ കാണാതായശേഷം പലപ്പോഴായി ഐഷയുടെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്ക് കോളുകള്‍ വന്നുകൊണ്ടിരുന്നു. ഫോണെടുത്താല്‍ മറുപടിയുണ്ടാകാറില്ലെന്നും തിരിച്ചുവിളിച്ചാല്‍ എടുക്കാറില്ലെന്നും ഇവര്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി.
