ആലപ്പുഴ: ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയതായി സമ്മതിച്ച് സെബാസ്റ്റ്യന്‍. ജെയ്നമ്മ കൊലക്കേസില്‍ ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന്റെ കുറ്റസമ്മതം. സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി കോടതിയില്‍ ഹാജരാക്കി.
ബിന്ദു കൊലക്കേസിലെ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും നടത്താനൊരുങ്ങുകയാണ് പോലിസ്. കുടക്, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തും. ഇവിടങ്ങളില്‍ ബിന്ദുവുമായി സെബാസ്റ്റ്യന്‍ യാത്ര ചെയ്തതായി പോലിസ് കണ്ടെത്തി. കേരളത്തിനു പുറത്തു വച്ചാണോ ബിന്ദു കൊല്ലപ്പെട്ടതെന്ന് സംശയമുള്ളതായി പോലിസ് അറിയിച്ചു. ബിന്ദുവിനെ സെബാസ്റ്റ്യനും ഒരു സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നുള്ള ശബ്ദരേഖ അടുത്തിടെ പുറത്തുവന്നിരുന്നു. നാല് വര്‍ഷം മുമ്പാണ് ദല്ലാളായ സോഡാ പൊന്നപ്പന്‍ എന്നയാള്‍ അയല്‍വാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോട് കൊലപാതകവിവരം വെളിപ്പെടുത്തിയത്.
കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലിസ് സെബാസ്റ്റ്യനുവേണ്ടി കസ്റ്റഡി അപേക്ഷ നല്‍കിയത്. സെബാസ്റ്റ്യനെ വേളാങ്കണ്ണിയിലെത്തിച്ച് കൊലപാതകത്തിന്റെ തെളിവെടുപ്പ് നടത്തും. വേളാങ്കണ്ണിയില്‍ അസ്ഥികഷ്ണങ്ങള്‍ ഉപേക്ഷിച്ചതായാണ് സൂചന.
ബിന്ദുവിനെ 2006 മുതലാണ് കാണാതാവുന്നത്. ബിന്ദു പത്മനാഭന്റെ സഹോദരന്‍ പ്രവീണ്‍കുമാര്‍ 2017 സെപ്തംബര്‍ 17ന് ആഭ്യന്തര വകുപ്പിന് പരാതി നല്‍കി. അതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖ ചമച്ച് വില്‍പ്പന നടത്തിയതിന് സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലിസ് കണ്ടെത്തി. ബിന്ദുവിന്റെ തിരോധാന കേസില്‍ സെബാസ്റ്റ്യന്‍ സംശയമുനയിലായിരുന്നുവെങ്കിലും ഇയാള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താനായില്ല.
