എം കെ ഫൈസിയെ നിരുപാധികം വിട്ടയയ്ക്കുക: ഐക്യദാര്‍ഢ്യ സംഗമം 22ന് തിരുവനന്തപുരത്ത്

Update: 2025-03-21 17:20 GMT

തിരുവനന്തപുരം: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതില്‍ പ്രധിഷേധിച്ച് എം കെ ഫൈസി ഐക്യദാര്‍ഢ്യസംഗമം 22 ന് (ശനിയാഴ്ച) വൈകുന്നേരം മൂന്നു മണിക്ക് തിരുവനന്തപുരത്ത് നടക്കുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ മന്നാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് രക്തസാക്ഷി മണ്ഡപത്തിനു സമീപം നടക്കുന്ന ഐക്യദാര്‍ഢ്യ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.

എം കെ ഫൈസിയെ അന്യായമായി അറസ്റ്റ് ചെയ്ത ഇഡിയുടെ നടപടി ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ പ്രതിപക്ഷ വേട്ടയുടെ ഭാഗമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ നേതാക്കള്‍തിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത 193 കേസുകളില്‍ വെറും രണ്ട് കേസുകളില്‍ മാത്രമാണ് ശിക്ഷിച്ചതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തല്‍, മോദി ഭരണകാലത്ത് ഇഡിയെ ദുരുപയോഗം ചെയ്യുന്നതിന്റെ കൃത്യമായ തെളിവാണ്. കഴിഞ്ഞ 11 വര്‍ഷമായി അധികാരത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ വിമര്‍ശകരെയും പ്രതിപക്ഷ നേതാക്കളെയും പൗരാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്നത് തുടരുകയാണ്. അതില്‍ ഒടുവിലത്തേതു മാത്രമാണ് ഫൈസിയുടെ അറസ്റ്റ്. ഫൈസിക്കെതിരെ രണ്ടുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫൈസിയുടെ പേരിലുള്ള ആരോപണങ്ങളില്‍ കൂട്ടുപ്രതികളായി പറയുന്നവരെല്ലാം ഇതേ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ ജാമ്യത്തിലാണ്. ജനാധിപത്യ സംവിധാനങ്ങളെയും ഭരണകൂട ഏജന്‍സികളെയും ഫാഷിസ്റ്റുകള്‍ അവരുടെ സങ്കുചിത സ്വാര്‍ത്ഥ താല്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഉപകരണങ്ങളായി ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇഡിയുടെ നടപടി. പ്രതിപക്ഷ നേതാക്കളെയും വിമര്‍ശന സ്വരങ്ങളെയും അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ഉള്ള ബിജെപി സര്‍ക്കാരിന്റെ നീക്കം ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ പോലും ലംഘിക്കുന്ന തരത്തിലാണ് ബിജെപി സര്‍ക്കാര്‍ നീങ്ങുന്നത്. ഇത് അപകടകരമാണ്. ഇതിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ തയ്യാറാവണം. അധികാരത്തിന്റെ പിന്‍ബലത്തില്‍ നടത്തുന്ന പ്രതിപക്ഷ വേട്ട കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന എം കെ ഫൈസി ഐക്യദാര്‍ഢ്യ സംഗമത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സലിം കരമന, ജില്ലാ ട്രഷറര്‍ ശംസുദ്ധീന്‍ മണക്കാട്, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട് എന്നിവരും സംബന്ധിച്ചു.