മുണ്ടക്കയം: ചെന്നപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി മുണ്ടക്കയം ടൗണില്‍ പ്രതിഷേധ റാലി നടത്തി. വന്യജീവി അക്രമണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം എസ്ഡിപിഐ പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി ഉദ്ഘാടനം ചെയ്തു. മനുഷ്യജീവന് പുല്ലുവില കല്‍പ്പിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കാടുപിടിച്ചു കിടക്കുന്ന ടി ആറാം ഡി എസ്‌റ്റേറ്റ് എത്രയും വേഗം വെട്ടിത്തെളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ പി എച്ച് നിസാര്‍, വൈസ് പ്രസിഡന്റ് വി എസ് അലി, സെക്രട്ടറി നിസാം, സുഹൈല്‍, നവാസ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.