വന്യജീവി ആക്രമണം: സര്‍ക്കാര്‍ നിസംഗത വെടിഞ്ഞ് ജനങ്ങള്‍ക്ക് മതിയായ സുരക്ഷ നല്‍കണം: എസ്ഡിപിഐ

Update: 2025-05-21 11:42 GMT

പാലക്കാട്: ജില്ലയില്‍ വന്യജീവി ആക്രമണം നിരന്തരം റിപോര്‍ട്ട് ചെയ്തിട്ടും മതിയായ സുരക്ഷ ഒരുക്കാത്ത സര്‍ക്കാരും വനംവകുപ്പും നിസംഗത വെടിയണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി മജീദ് ഷൊര്‍ണൂര്‍ ആവശ്യപ്പെട്ടു. ജില്ലയുടെ അതിര്‍ത്തി മേഖലകളിലെല്ലാം കാട്ടാന അടക്കമുള്ള വന്യജീവികളുടെ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി, മണ്ണാര്‍ക്കാട്, കല്ലടിക്കോട് ,മുണ്ടൂര്‍, വാളയാര്‍, അമ്പലപ്പാറ, കൊല്ലങ്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്. പക്ഷേ, ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.

കഴിഞ്ഞ ദിവസം ഉപ്പുക്കുളത്ത് കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണം. ഈ കര്‍ഷകനെ ആക്രമിച്ചത് ഒറ്റക്കൊമ്പനായിരുന്നു. ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങുന്ന കാര്യം ജനങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്. ആക്രമണ സമയത്ത് ഫോറസ്റ്റ് റെയിഞ്ച് ഓഫിസില്‍ ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി പാര്‍ട്ടി രംഗത്ത് വരുമെന്നും മജീദ് ഷൊര്‍ണൂര്‍ പറഞ്ഞു.