രാജ്യത്തെ സമാധാന അന്തരീക്ഷം അസ്ഥിരപ്പെടുന്നതിന്റെ ഉത്തരവാദിത്തം മോദി സര്‍ക്കാറിന്

Update: 2025-04-11 16:55 GMT

പറവൂര്‍: മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി സുമനസ്സുകള്‍ അല്ലാഹുവിനായി വഖ്ഫ് ചെയ്ത സ്വത്തുക്കള്‍ തട്ടിയെടുക്കാനും അസ്ഥിരപെടുത്താനുമുള്ള നിയമമാണ് വഖഫ് ഭേദഗതി നിയമമെന്ന് വാണിയാക്കാട് ചീഫ് ഇമാം അബ്ദുല്‍ മജീദ് ഖാസിമി പറഞ്ഞു. ഈ നിയമം നമ്മുടെ പള്ളികളുടെയും ഖബര്‍സ്ഥാനുകളുടെയും മദ്‌റസകളുടെയും ഭാവിയെ തര്‍ക്കത്തില്‍ ആക്കും.

പുതിയ വഖ്ഫ് നിയമഭേദ ഗതി ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കല്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. ഇത് രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മോദി സര്‍ക്കാറിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗയത്തി നിയമം 2025 പിന്‍വലിക്കുക, ഭരണ ഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വഖ്ഫ് സംരക്ഷണ വേദി പറവൂര്‍ വൈപ്പിന്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈകിട്ട് 5 മണിക്ക് വെടിമറയില്‍ നിന്നും മാഞ്ഞാലി സുലൈമാന്‍ മൗലവിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പ്രതിഷേധാറാലി മുനിസിപ്പല്‍ കവല ചുറ്റി ആലിന്‍ ചുവടില്‍ സമാപിച്ചു. വഖ്ഫ് സംരക്ഷണ വേദി ചെയര്‍മാന്‍ ഷാജഹാന്‍ ഹാജി അധ്യക്ഷനായ സമാപന സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ വി എം ഫൈസല്‍ നന്ദിപറഞ്ഞു. ജനറല്‍ സെക്രട്ടറി കെ കെ അസീസ്, ഇല്ല്യാസ് മാഞ്ഞാലി, നിസാര്‍ മാഞ്ഞാലി, കെ കെ ബഷീര്‍, സുന്നജാന്‍ സാഹിബ്, കെ കെ ഫൈസല്‍,പി എ താജുദ്ധീന്‍,ഒ കെ റഹീം, അബ്ദുല്‍ കാദര്‍ മാഞ്ഞാലി,സിറാജ് വെടിമറ,മനാഫ് വേണാട്, മാലിക് വെളിയത്തനാട്,യാകുബ് സുല്‍ത്താന്‍, മെഹബൂബ് തത്തപ്പിള്ളി,ഷാഹുല്‍ ഹമീദ്,ഇബ്രാഹിം കുട്ടി,പി എ യൂനുസ്, കെ പി നൗഷാദ്, ബിനു അബ്ദുല്‍ കരീം എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി