തിരൂരങ്ങാടി: പോലിസ് കസ്റ്റഡിയിലെ കൊലപാതകങ്ങളെ നിസാരവല്‍ക്കരിക്കരുതെന്ന് എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. താമിര്‍ ജിഫ്രിയെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ പോലിസുകാര്‍ സര്‍വീസില്‍ തിരികെ കയറിയത് പോലുള്ള സംഭവങ്ങള്‍ പോലിസ് സേനയ്ക്ക് തന്നെ നാണക്കേടാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടിക്ക് ഒരുങ്ങുന്ന സാഹചര്യത്തില്‍ ജാമിര്‍ ജിഫ്രി കേസില്‍ പ്രതികളായവരേയും സര്‍വീസില്‍ നിന്ന് പിരിച്ച് വിടണം. മര്‍ദ്ദനത്തേക്കാള്‍ വലുതാണ് കൊലപാതകം. പോലിസ് സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ വലിയ ക്രൂരസംഭവങ്ങള്‍ പുറത്തുവരും. അത്തരം പോലിസുകാര്‍ എന്തുതരം ക്രമസമാധാന പാലനമായിരിക്കും നാട്ടില്‍ നടത്തുകയെന്നും എസ്ഡിപിഐ നേതാക്കള്‍ ചോദിച്ചു.
2023 ആഗസ്റ്റ് ഒന്നിനാണ് മമ്പുറം സ്വദേശി മാളിയേക്കല്‍ വീട്ടില്‍ താമിര്‍ ജിഫ്രി താനൂര്‍ പോലിസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും അന്വേഷിച്ച കേസില്‍ അഞ്ച് പ്രതികളാണുള്ളത്. ഡാന്‍സഫ് അംഗങ്ങളായിരുന്ന ജിനേഷ്, ആല്‍ബിന്‍, വിബിന്‍, അഭിമന്യു, കൃഷ്ണലാല്‍ എന്നിവരായിരുന്നു പ്രതികള്‍. ഇതില്‍ നാലുപേരെയും തൃശൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. അഞ്ചാം പ്രതിയായ എസ്‌ഐ കൃഷ്ണലാല്‍ ഇപ്പോഴും സസ്‌പെന്‍ഷനിലാണ്. താമിര്‍ ജിഫ്രിയെ തല്ലിക്കൊന്നുവെന്ന കാര്യം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത് കൃഷ്ണലാലാണ്. അതിനാല്‍, കൃഷ്ണലാല്‍ സസ്‌പെന്‍ഷനില്‍ തുടരുന്നു. കേസന്വേഷിച്ച സിബിഐ പോലിസുകാര്‍ക്കെതിരായ കൊലക്കുറ്റം ഒഴിവാക്കി. ചോദ്യം ചെയ്യലിനിടെ സംഭവിച്ച കൈപ്പിഴ എന്ന തരത്തിലാണ് കൊലപാതകത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി റിയാസ് ഗുരിക്കള്‍, നേതാക്കളായ ടി വാസു, കെ സിദ്ധീഖ്, മുനീര്‍ എടരിക്കോട്, ശബീര്‍ ബാപ്പു, സുലൈമാന്‍ കുണ്ടൂര്‍ സംസാരിച്ചു.
