തിരൂര്‍ ജില്ലാ വിഷയം കുറുക്കോളി മൊയ്തീന്‍ നിയമസഭയില്‍ ഉന്നയിക്കണം: എസ്ഡിപിഐ
മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി ജില്ല രൂപീകരിക്കണമെന്ന ആവശ്യം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ നിയമസഭയിലാണ് ഉന്നയിക്കേണ്ടതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ്. തങ്ങളുടെ ആവശ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാനാണ് മലപ്പുറത്തുകാര്‍ എംഎല്‍എയെ തിരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാത്രമല്ല ആവശ്യം ഉന്നയിക്കേണ്ടത്. സമഗ്ര വികസനത്തിന് പുതിയ ജില്ല വേണമെന്ന മലപ്പുറത്തുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ ആവശ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന നിലപാടാണ് ഇത്രയും കാലം ലീഗ് സ്വീകരിച്ചത്. ഇപ്പോള്‍ പറഞ്ഞ നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ ലീഗ് ജനപ്രതിനിധികള്‍ ആര്‍ജ്ജവം കാണിക്കണം. സമഗ്ര വികസനത്തിന് പുതിയ ജില്ല വേണമെന്ന ആവശ്യത്തെ അവഗണിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇനി കഴിയില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് ഓര്‍മ്മപ്പെടുത്തി.