ആരോഗ്യരംഗം മികച്ചതെന്ന വാദം ഊതി വീര്‍പ്പിച്ച ബലൂണ്‍: അടിയന്തര പരിഹാരം വേണം- ജോണ്‍സണ്‍ കണ്ടച്ചിറ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോടെ കേരളത്തിലെ ആരോഗ്യരംഗം ഏറ്റവും മിക്കച്ചതെന്ന വാദം ഊതി വീര്‍പ്പിച്ച ബലൂണ്‍ മാത്രമായിരുന്നെന്ന് വ്യക്തമാകുന്നതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. ആരോഗ്യമേഖലയ്ക്ക് അടിയന്തര ചികില്‍സ അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോ. ഹാരിസ് വെളിപ്പെടുത്തിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അവസ്ഥയാണെങ്കില്‍ സമാനമാണ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ബഹുഭൂരിപക്ഷവും നേരിടുന്നത്.
പല ആശുപത്രികളിലും മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ല. ശസ്ത്രക്രിയക്ക് ശേഷം തുന്നിക്കെട്ടാന്‍ നൂല് പോലുമില്ലാത്ത മെഡിക്കല്‍ കോളജുകളുണ്ടെന്നതാണ് യാഥാര്‍ഥ്യം. മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ലാത്തതിനാല്‍ ശസ്ത്രക്രിയ അനന്തമായി നീളുന്ന സാഹചര്യവുമുണ്ട്. ഇടുക്കി മെഡിക്കല്‍ കോളജിലെ ലിഫ്ട് പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്ന് രോഗിയെ സ്ട്രച്ചറില്‍ അഞ്ചാം നിലയിലെത്തിച്ച സംഭവം നാം മറന്നിട്ടില്ല.
സാധാരണ ജനങ്ങള്‍ സ്വകാര്യ ആശുപത്രികളിലെ ചികില്‍സാ ചെലവ് താങ്ങാനാവാതെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുമ്പോള്‍ അവിടെ ഉപകരണങ്ങളും മരുന്നും കാശ് കൊടുത്തു പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥ ഏറെ ദയനീയമാണ്. മധ്യവര്‍ഗ കുടുംബങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളെ കൈയൊഴിയുന്ന അവസ്ഥ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന് കോടികള്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് പല മരുന്നു നിര്‍മാണ കമ്പനികളുംമരുന്നു വിതരണം നിര്‍ത്തിവെക്കുകയും 30 ശതമാനം വരെ വില വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിലവിലെ പ്രതിസന്ധിക്കു കാരണം സംവിധാനം നിയന്ത്രിക്കുന്നവരുടെ പരാജയമാണെന്ന ആക്ഷേപം ശരിവെക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ജനങ്ങളില്‍ നിലവിലുണ്ടായിരിക്കുന്ന പ്രതിഷേധം തണുപ്പിക്കുന്നതിനാവരുത് അന്വേഷണ കമ്മീഷനുകള്‍. കൃത്യമായ തിരുത്തലുകളുണ്ടാവണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ പറഞ്ഞു.