വിഭജനഭീതി ദിനാചരണം: ഇടതു സര്‍ക്കാരിനെ നോക്കുകുത്തിയാക്കി ഗവര്‍ണര്‍ സമാന്തര ഭരണത്തിന് ശ്രമിക്കുന്നു- കെ കെ അബ്ദുല്‍ ജബ്ബാര്‍
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിനെ നോക്കുകുത്തിയാക്കി കേരളത്തില്‍ ആര്‍എസ്എസ് അജണ്ടയ്ക്കനുസരിച്ച് സമാന്തര ഭരണം നടത്താന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ആഗസ്ത് 14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന സര്‍ക്കുലറെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ഗവര്‍ണറുടെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണ്. ആര്‍എസ്എസ് അജണ്ടയും താല്‍പ്പര്യങ്ങളും ഭരണഘടനാ പദവിയിലിരുന്ന് നടപ്പാക്കുക മാത്രമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ലക്ഷ്യം. ഔദ്യോഗിക പരിപാടികളില്‍ ആര്‍എസ്എസ് ധ്വജമേന്തിയ ഭാരതാംബയെ പ്രതിഷ്ടിച്ച് വണങ്ങുന്ന രീതി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കുടിലമായ സങ്കുചിത-സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്കായി കേരളത്തിലെ സര്‍വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെയും ഉപയോഗപ്പെടുത്താന്‍ നടത്തുന്ന ഹീനമായ ശ്രമങ്ങള്‍ക്കെതിരേ കേരളീയ പൊതുസമൂഹം രംഗത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗുരുതരവും രാജ്യതാല്‍പ്പര്യങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും വിരുദ്ധമായി ഫാഷിസത്തിന്റെ വിഭജന അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന അഴകൊഴമ്പന്‍ നയങ്ങള്‍ അവര്‍ക്ക് പ്രോല്‍സാഹനമായി മാറുകയാണ്. ഫാഷിസത്തെ നിലയ്ക്കു നിര്‍ത്തുമെന്നു വായ്ത്താരി പറയുന്നവര്‍ ആര്‍എസ്എസ് താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ചുവടുവെയ്ക്കുന്ന അധികാര കേന്ദ്രങ്ങളെ വേണ്ടവിധം തുറന്നെതിര്‍ക്കാന്‍ പോലും തയ്യാറാവാത്തത് ആര്‍ജ്ജവമില്ലായ്മ മാത്രമല്ല, ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ കുറ്റപ്പെടുത്തി.