ഗോകുലം ഗോപാലന്റെ സ്ഥാപനത്തിലെ ഇഡി റെയ്ഡ് പകപോക്കല്‍: കൃഷ്ണന്‍ എരഞ്ഞിക്കല്‍

Update: 2025-04-04 13:00 GMT

തിരുവനന്തപുരം: എംപുരാന്‍ സിനിമ നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയതിനു പിന്നില്‍ പകപോക്കലെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. ഗുജറാത്ത് വംശഹത്യ പരാമര്‍ശിക്കുന്ന എംപുരാന്‍ സിനിമയ്‌ക്കെതിരേ സംഘപരിവാരം ഉറഞ്ഞുതുള്ളുകയും സിനിമ രംഗങ്ങളില്‍ കത്തിവെക്കുകയും കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റുകയും ചെയ്തതിനു പിന്നാലെ നടന്ന ഇഡി റെയ്ഡ് ദുരൂഹമാണ്. ആര്‍എസ്എസ്സിനെ വിമര്‍ശിച്ചാല്‍ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടും എന്ന അവസ്ഥയാണ്. ഗോകുലത്തിന്റെ കോഴിക്കോട്, കൊച്ചി ഓഫീസുകളിലും ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലുമാണ് ഇ ഡി റെയ്ഡ് നടത്തിയത്. 2002 ലെ ഗുജറാത്ത് വംശഹത്യയോടനുബന്ധിച്ച് നടന്ന രംഗങ്ങള്‍ ചിത്രത്തില്‍ പരാമര്‍ശിക്കുകയും നിരപരാധികളുടെ മൃതദേഹങ്ങള്‍ക്കുവേണ്ടി ആക്രോശിച്ച ബജ്‌റങ് ദള്‍ നേതാവ് ബാബു ബജ്‌റംഗിയെ പ്രധാന വില്ലന്‍ കഥാപാത്രമായി സിനിമയില്‍ അവതരിപ്പിക്കുകയും ചെയ്തതാണ് സംഘപരിവാരത്തെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ ചിത്രത്തിലെ രണ്ടര മിനിറ്റ് രംഗം ഒഴിവാക്കുകയും പ്രധാന വില്ലന്റെ പേര് ബാബ ബജ്റംഗി എന്നതില്‍ നിന്ന് ബല്‍ദേവ് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.

ആവിഷ്‌കാരമെന്നാല്‍ ആര്‍എസ്എസ്സിനെ തൃപ്തിപ്പെടുത്തുക എന്ന ആഖ്യാനമാണ് സംഘപരിവാരം മുന്നോട്ടുവെക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശകരെയും വിരട്ടാനും വിധേയരാക്കാനും തുറുങ്കിലടയ്ക്കാനും ബിജെപി ഉപയോഗിക്കുന്ന ഉപകരണമായി ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മാറിയിരിക്കുന്നു. അതേസമയം ഗുരുതരമായ ഹവാലയും കള്ളപ്പണവും നിര്‍ബാധം കൈകാര്യം ചെയ്യുകയും കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുകയും ചെയ്യുന്നവര്‍ ബിജെപിക്കാരോ അവരുടെ ഇഷ്ടക്കാരോ ആണെങ്കില്‍ അവരെ സംരക്ഷിക്കാന്‍ തിരക്കഥയൊരുക്കുന്ന ജോലിയും ഇഡി ഏറ്റെടുത്തിരിക്കുകയാണെന്നും അതാണ് കൊടകര കള്ളപ്പണക്കേസില്‍ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘപരിവാര്‍ ഭീകരത തുറന്നു കാട്ടിയ എംപുരാന്‍ സിനിമയാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം എന്നതിനാല്‍ സാംസ്‌കാരിക മേഖലയിലുള്ളവര്‍ ഇതിനെതിരേ പ്രതികരിക്കണമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ അഭ്യര്‍ഥിച്ചു.