ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം: എസ്ഡിപിഐ

Update: 2025-08-19 04:21 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്. വ്യാജ വോട്ടര്‍മാരെന്ന പേരില്‍ വോട്ടര്‍മാരുടെ പേര് നീക്കം ചെയ്ത് ''വോട്ട് മോഷണം'' തടയുന്നു എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവര്‍ത്തിച്ചുള്ള വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ജനാധിപത്യം സംരക്ഷിക്കുന്നതിനു പകരം യഥാര്‍ഥ പൗരന്മാരെ വ്യവസ്ഥാപിതമായി നിഷ്‌കാസനം ചെയ്യുകയും തട്ടിപ്പുകള്‍ക്ക് ഒത്താശ ചെയ്യുകയുമാണ് കമ്മീഷന്‍ ചെയ്യുന്നത്.

ആഗസ്ത് 17-ന് നടത്തിയ പ്രസംഗത്തില്‍, ബിഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെ, അതായത് സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 8.3 ശതമാനത്തെ നീക്കം ചെയ്തത് തിരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കാനുള്ള ഒരു ശുദ്ധീകരണ പ്രക്രിയ മാത്രമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വിശദീകരണം സൂക്ഷ്മപരിശോധനയില്‍ നിലനില്‍ക്കില്ല. ഒരു ദിവസം കൊണ്ട് 2.11 ലക്ഷം വോട്ടര്‍മാരെ 'മരിച്ചവര്‍' എന്ന് പ്രഖ്യാപിക്കുകയും വെറും മൂന്ന് ദിവസം കൊണ്ട് 15 ലക്ഷം പേരെ 'സ്ഥലം മാറിയവര്‍' എന്ന് അടയാളപ്പെടുത്തുകയും ചെയ്തു. അതിന് ആധാര്‍-ലിങ്ക്ഡ് പരിശോധനകളോ, നേരിട്ടുള്ള സ്ഥലപരിശോധനകളോ നടത്തിയിട്ടില്ല. ഇത്തരത്തിലുള്ള ഏകപക്ഷീയമായ നീക്കം ചെയ്യലുകള്‍ ഗോപാല്‍ഗഞ്ച് (15.1% നീക്കം ചെയ്യലുകള്‍), കിഷന്‍ഗഞ്ച് (11.8%) തുടങ്ങിയ ബിജെപിക്ക് സ്വാധീനമില്ലാത്ത ജില്ലകളിലെ മുസ് ലിം, ദലിത്, കുടിയേറ്റ ജനവിഭാഗങ്ങളെയാണ് കൂടുതലായി ബാധിച്ചത്.

''വോട്ട് മോഷണം തടയുന്നു'' എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ കൂടുതല്‍ വിശ്വാസയോഗ്യമല്ലാതാകുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലുടനീളം വോട്ടര്‍ പട്ടികയില്‍ നിന്ന് കൂട്ടമായി വോട്ടര്‍മാര്‍ അപ്രത്യക്ഷമായതായി പ്രതിപക്ഷ പാര്‍ട്ടികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 100% വരെ പോളിങ് നടന്ന ബൂത്തുകളില്‍ 90% വോട്ടുകളും ബിജെപി സ്ഥാനാര്‍ഥികള്‍ക്കാണ് ലഭിച്ചത്. ഇത് വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നോ എന്ന ഗുരുതരമായ ചോദ്യമുയര്‍ത്തി. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല, ''വോട്ട് ചോരി'' (വോട്ട് മോഷണം) തുറന്നുകാട്ടിയതിന് രാഹുല്‍ ഗാന്ധിയെപ്പോലുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് കമ്മീഷന്‍ ഭീഷണി മുഴക്കുകയും ചെയ്തു.

ഈ പക്ഷപാതപരമായ നിലപാട് ഒരു ഗുരുതരമായ സത്യം വെളിപ്പെടുത്തുന്നു. വ്യാജ വോട്ടര്‍മാരെ നേരിടുന്നു എന്ന് അവകാശപ്പെടുമ്പോള്‍, കൂട്ടത്തോടെ വോട്ടവകാശം നിഷേധിച്ചുകൊണ്ട് വോട്ട് മോഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് ഒത്താശ ചെയ്തിരിക്കുന്നു. 2024-ല്‍ രേഖപ്പെടുത്തിയ ക്രമക്കേടുകളോടുള്ള അവരുടെ മൗനം 2025-ല്‍ മോദി സര്‍ക്കാരിന്റെ വാദങ്ങള്‍ക്കുള്ള അവരുടെ അമിതമായ പ്രതിരോധത്തില്‍ നിന്ന് വളരെ വിഭിന്നമാണ്.

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ 2025 ആഗസ്ത് 9-ന് മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടികകള്‍ക്ക് പകരം അവ്യക്തവും തിരയാന്‍ കഴിയാത്തതുമായ പിഡിഎഫുകള്‍ ഉപയോഗിച്ചത് മൂടിവെക്കാനുള്ള ശ്രമമാണെന്ന സംശയം ബലപ്പെടുത്തുന്നു. ഡി-ഡ്യൂപ്ലിക്കേഷന്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിന്‍ (ഉടഋ), ഫോട്ടോ സിമിലാരിറ്റി എഞ്ചിന്‍ (ജടഋ) പോലുള്ള സാങ്കേതിക സുരക്ഷാ സംവിധാനങ്ങള്‍ വേണ്ടത്ര ഉപയോഗിക്കാത്തതും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം വെറും ഭരണപരമായ പിഴവല്ല, മനപ്പൂര്‍വ്വമുള്ള ഒത്തുകളിയാണെന്ന് വ്യക്തമാക്കുന്നു.

ബിഹാറിലെ പ്രത്യേക തീവ്ര പുനരവലോകനത്തെക്കുറിച്ച് സ്വതന്ത്രമായ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും, തെറ്റായി നീക്കം ചെയ്തവരുടെ പേരുകള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്നും, ബിഹാര്‍ 2025-ലെയും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്ക് അന്വേഷിക്കാന്‍ പാര്‍ലമെന്ററി അന്വേഷണം വേണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ബിജെപിയുടെ രാഷ്ട്രീയ വിഭാഗത്തില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പ്രവര്‍ത്തിച്ച ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള ഇന്‍ഡ്യാ മുന്നണിയുടെ പ്രമേയത്തെ പാര്‍ട്ടി പിന്തുണയ്ക്കുന്നു.

സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളുടെ സംരക്ഷകന്‍ തന്നെ അട്ടിമറിക്കാരനായാല്‍ ഇന്ത്യയുടെ ജനാധിപത്യത്തിന് നിലനില്‍ക്കാനാവില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ ഏകാധിപത്യ ഭരണകൂടത്തിന്റെ ആയുധമാക്കാന്‍ വിടാതെ ഭരണഘടനയ്ക്ക് വേണ്ടി തിരിച്ചുപിടിക്കണമെന്നും അഡ്വ. ഷറഫുദ്ദീന്‍ ആവശ്യപ്പെട്ടു.