കോഴിക്കോട്: എസ്ഡിപിഐ ആറാമത് ദേശീയ പ്രതിനിധി സഭ ജനുവരി 20, 21 തീയതികളില്‍ മംഗലാപുരത്ത് വെച്ച് നടക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവര്‍ത്തക സമിതി അംഗവുമായ പി അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സമിതിയാണിത്. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. അടുത്ത ടേമിലേക്ക് പാര്‍ട്ടിയെ നയിക്കേണ്ട പുതിയ ദേശീയ ഭാരവാഹികളേയും വര്‍ക്കിങ് കമ്മിറ്റിയേയും ഈ യോഗത്തില്‍ വെച്ച് തിരഞ്ഞെടുക്കും.
കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിക്കുകയും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. വരും വര്‍ഷങ്ങളില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ സംബന്ധിച്ച പ്ലാനിങ് ഈ സമ്മേളനത്തില്‍ ഉണ്ടാകും. സോഷ്യല്‍ ജസ്റ്റിസ്, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവയില്‍ ഊന്നിയുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഈ സമ്മേളനം സഹായിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.