ആര്‍എസ്എസ്സിന്റെ വര്‍ഗീയതയുടെ പാരമ്പര്യം സേവനമെന്ന പേരില്‍ വ്യാജമായി അവതരിപ്പിക്കാനാവില്ല: എസ്ഡിപിഐ

Update: 2025-08-18 13:23 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നടത്തിയ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി ശക്തമായി അപലപിച്ചു. തന്റെ പ്രസംഗത്തില്‍ മോദി ആര്‍എസ്എസ്സിനെ രാജ്യത്തെ 'ഏറ്റവും വലിയ എന്‍ജിഒ' എന്ന് വിശേഷിപ്പിക്കുകയും, അതിന്റെ 'നൂറ്റാണ്ടിന്റെ സമര്‍പ്പണത്തെ' പ്രശംസിക്കുകയും ചെയ്തു. ബിജെപിക്കും അവരുടെ പ്രത്യയശാസ്ത്രപരമായ മാതൃസംഘടനയ്ക്കും രാഷ്ട്രീയ ലാഭമുണ്ടാക്കുന്ന ഈ അവകാശവാദങ്ങള്‍ വസ്തുതാവിരുദ്ധവും, ചരിത്രപരമായ തെളിവുകള്‍ക്കും നിരവധി ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്കും വിരുദ്ധവുമാണ്.

ആര്‍എസ്എസ്സിന് ഒരു എന്‍ജിഒയുടെ യോഗ്യതയുണ്ടെന്ന വാദത്തെ എസ്ഡിപിഐ തള്ളിക്കളഞ്ഞു. ഇന്ത്യയില്‍, എന്‍ജിഒകള്‍ 1860-ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് അല്ലെങ്കില്‍ തത്തുല്യമായ നിയമങ്ങള്‍ പ്രകാരം നിയമപരമായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളാണ്. കൂടാതെ ഓഡിറ്റ്, സുതാര്യതാ മാനദണ്ഡങ്ങള്‍ക്ക് വിധേയവുമാണ്. 1925-ല്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയ ഒരു സന്നദ്ധ അര്‍ദ്ധസൈനിക സംഘടനയായി സ്ഥാപിക്കപ്പെട്ട ആര്‍എസ്എസ്സിന് അത്തരത്തിലുള്ള രജിസ്ട്രേഷനില്ല. ആയിരക്കണക്കിന് ശാഖകളെക്കുറിച്ചും സാമൂഹിക പദ്ധതികളെക്കുറിച്ചുമുള്ള അവരുടെ അവകാശവാദങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെടുകയോ സ്വതന്ത്രമായി പരിശോധിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതിനെ 'ഏറ്റവും വലിയ എന്‍ജിഒ' എന്ന് വിശേഷിപ്പിക്കുന്നത്, ഒരു വര്‍ഗീയ പ്രസ്ഥാനത്തിന് ധാര്‍മികമായ സാധുത നല്‍കാനുള്ള മനഃപൂര്‍വമായ അതിശയോക്തിയാണ്.

സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ്സിന്റെ പങ്കാളിത്തമില്ലായ്മ ചരിത്രരേഖകള്‍ തുറന്നുകാട്ടുന്നു. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ നിന്ന് ആര്‍എസ്എസ് ബോധപൂര്‍വം വിട്ടുനിന്നെന്നും, കൊളോണിയല്‍ ഭരണകൂടത്തെ പ്രകോപിപ്പിക്കരുതെന്ന് അതിന്റെ കേഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെന്നും ബ്രിട്ടീഷ് രേഖകള്‍ സ്ഥിരീകരിക്കുന്നു. ഗാന്ധിജിയെയും നെഹ്റുവിനെയും പോലുള്ള നേതാക്കള്‍ തടവിലായിരുന്നപ്പോള്‍, ആര്‍സഎസ്എസ് ഒരു ഹിന്ദുത്വകാഡറിനെ വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എംഎസ് ഗോള്‍വാള്‍ക്കറും മറ്റ് ഹിന്ദുത്വ നേതാക്കളും 1930-കളിലെ സ്വേച്ഛാധിപത്യ യൂറോപ്യന്‍ ഭരണങ്ങളെ പ്രശംസിച്ചതായി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, രണ്ടാം ലോകമഹായുദ്ധകാലത്ത് വിഡി സവര്‍ക്കര്‍ ബ്രിട്ടീഷ് യുദ്ധശ്രമങ്ങള്‍ക്ക് പരസ്യമായി പിന്തുണ നല്‍കി. പ്രതിരോധിക്കുന്നതിനു പകരം സഹകരിക്കാനുള്ള ഈ പ്രത്യയശാസ്ത്രപരവും തന്ത്രപരവുമായ തിരഞ്ഞെടുപ്പ്, സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ദശലക്ഷക്കണക്കിന് ആളുകളുടെ ത്യാഗങ്ങളെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്.

സ്വാതന്ത്ര്യാനന്തരമുള്ള ആര്‍എസ്എസ്സിന്റെ ചരിത്രവും പ്രശ്‌നകരമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ ആഴത്തില്‍ വേരൂന്നിയ നാഥുറാം ഗോഡ്സെ മഹാത്മാഗാന്ധിയെ വധിച്ചതിനെത്തുടര്‍ന്ന് 1948-ല്‍ അത് നിരോധിക്കപ്പെട്ടു. 1975-ലെ അടിയന്തരാവസ്ഥ കാലത്തും ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് 1992-ലും ഇത് വീണ്ടും നിരോധിക്കപ്പെട്ടു. വിഎച്ച്പി, ബജ്റംഗ് ദള്‍, മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരോടൊപ്പം ബാബരി മസ്ജിദ് തകര്‍ത്തതിന് ആര്‍എസ്എസ് ഉത്തരവാദിയാണെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍ വ്യക്തമായി വിധിച്ചു. 1992-93-ലെ മുംബൈ കലാപങ്ങളില്‍ സംഘബന്ധമുള്ള ഗ്രൂപ്പുകളുടെ പങ്ക് ശ്രീകൃഷ്ണ കമ്മീഷന്‍ വെളിപ്പെടുത്തിയപ്പോള്‍, 1969-ലെ അഹമ്മദാബാദ് കലാപങ്ങളില്‍ ആര്‍എസ്എസ്സിനും ജനസംഘത്തിനും പങ്കുണ്ടെന്ന് ജസ്റ്റിസ് റെഡ്ഡി കമ്മീഷന്‍ രേഖപ്പെടുത്തി. ഈ റിപ്പോര്‍ട്ടുകള്‍ ഒരുമിച്ചു ചേര്‍ത്ത് പരിശോധിക്കുമ്പോള്‍, സാംസ്‌കാരിക സേവനത്തിന്റെ മറവില്‍ നടക്കുന്ന വര്‍ഗീയ അണിനിരത്തലിന്റെ ഒരു പാറ്റേണ്‍ വെളിവാകുന്നു.

പ്രധാനമന്ത്രിയുടെ ആര്‍എസ്എസ്സിനുള്ള മഹത്വവത്കരണം രാഷ്ട്രതന്ത്രജ്ഞന്റെ പ്രവൃത്തിയല്ല, മറിച്ച് യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കലാണ്. വിഭജനപരമായ അണിനിരത്തലിനെ യഥാര്‍ത്ഥ സാമൂഹിക സേവനമായി സമീകരിക്കുന്നതിലൂടെ, മോദി ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുകയും, നീതി, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.

ഈ തെറ്റായ വ്യാഖ്യാനങ്ങളെ നേരിടാനും, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഉള്‍ക്കൊള്ളുന്ന പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും മതേതരത്വത്തില്‍ പ്രതിജ്ഞാബദ്ധരായ ജനാധിപത്യ ശക്തികളോടും, പൗരസമൂഹത്തോടും, പൗരന്മാരോടും എസ്ഡിപിഐ ആഹ്വാനം ചെയ്യുന്നതായും മുഹമ്മദ് ഷെഫി പറഞ്ഞു.