ഇന്ത്യയെ ഏകശില മതരാഷ്ട്രമാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല: കെ കെ അബ്ദുല്‍ജബ്ബാര്‍

Update: 2025-03-16 14:43 GMT

കാസര്‍കോട്: അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിനാലാണ് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ കേന്ദ്രസര്‍ക്കാര്‍ ഇഡിയെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ജബ്ബാര്‍. ഫാഷിസ്റ്റ് സര്‍ക്കാരിന്റെ നിയമഭേദഗതികള്‍ക്കെതിരേ എസ്ഡിപിഐ തെരുവില്‍ ഇറങ്ങിയതാണ് അവരെ പ്രകോപിപ്പിച്ചത്. സംഘപരിവാര്‍ ഉദ്ദേശിക്കുന്ന ഏകശിലാ ഹിന്ദുത്വ രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് ഇന്ത്യന്‍ ജനത അനുവദിക്കില്ല. ജനാധിപത്യവും സോഷ്യലിസവും സംരക്ഷിക്കാന്‍ എസ്ഡിപിഐ പോരാടുമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക എന്ന പ്രമേയത്തില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ജില്ലാപ്രസിഡന്റ് സിഎ സവാദ് അധ്യക്ഷതവഹിച്ചു. സോഷ്യല്‍ ജസ്റ്റീസ് ഫോറം ചെയര്‍മാന്‍ സുബൈര്‍ പടുപ്പ്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി യൂസുഫ് ചെമ്പരിക്ക, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി റാഷിദ് മുഹ്‌യദീന്‍, വിമന്‍ഇന്ത്യ ജില്ലാ പ്രസിഡന്റ് നജ്മ റഷീദ്, എസ്ഡിപിഐ ജില്ലാ ട്രഷറര്‍ ടി ഐ ആസിഫ്ടി സംസാരിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി ഖാദര്‍ അറഫ സ്വാഗതവും ജില്ലാ സെക്രട്ടറി മുനീര്‍ എഎച്ച് നന്ദിയും പറഞ്ഞു.