ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കണം: പി ജമീല
തിരുവനന്തപുരം: ദേശീയപാതയിലെ മണ്ണുത്തി-ഇടപ്പള്ളി ഭാഗത്തെ ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. ഗുരുതര രോഗികളെയും കൊണ്ടു പോകുന്ന ആംബുലന്‍സ് ഉള്‍പ്പെടെ മണിക്കൂറുകളായി ഗതാഗത കുരുക്കില്‍ പെട്ടിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച രൂക്ഷമായ സാഹചര്യം ഇതുവരെ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയാത്തത് ഗുരുതരമാണ്. റോഡിലെ അറ്റകുറ്റപ്പണികളും മോശമായ കാലാവസ്ഥയുമാണ് ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഭാരിച്ച തുക ടോള്‍ ഇനത്തില്‍ പിരിച്ചെടുക്കുന്നതിനപ്പുറം യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ക്രിയാത്മകമായ നടപടികളില്ല. അധികൃതരുടെ കുറ്റകരമായ അനാസ്ഥയാണ് പ്രതിസന്ധിയ്ക്ക് പ്രധാന കാരണം.
അറ്റകുറ്റ പണികള്‍ നടക്കുമ്പോള്‍ പകരം സംവിധാനം കണ്ടെത്താനോ സര്‍വീസ് റോഡുകള്‍ ഗതാഗത യോഗ്യമാക്കാനോ കഴിയാത്തത് ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തിനും ജനവിരുദ്ധതയ്ക്കും തെളിവാണ്. വയോജനങ്ങളും കുട്ടികളും ഉള്‍പ്പെടെ വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ പോലും സാധിക്കാതെ പെരുവഴിയില്‍ നരകിക്കുകയാണ്. ഈ പ്രധാന റോഡിലെ ഗതാഗത കുരുക്ക് തീരാശാപമായി മാറിയിരിക്കുന്നു. ഓരോ വര്‍ഷവും വര്‍ധിക്കുന്നതല്ലാതെ പരിഹാരമില്ലാത്ത അവസ്ഥയാണ്.
നികുതിക്കൊള്ളയും ടോള്‍ കൊള്ളയും നടത്തുന്നവര്‍ ജനങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കൂടി തയ്യാറാവണം. സംസ്ഥാനത്തെ ദേശീയ പാത മാത്രമല്ല സംസ്ഥാന പാതകളുള്‍പ്പെടെയുള്ള റോഡുകളിലും ഗതാഗത കുരുക്കും യാത്രാക്ലേശവും വര്‍ധിക്കുകയാണ്. സംസ്ഥാനത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിന് സമഗ്രവും ക്രിയാത്മകവുമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളും ദേശീയ-സംസ്ഥാന പാത അധികൃതരും തയ്യാറാവകണമെന്ന് പി ജമീല ആവശ്യപ്പെട്ടു.
