'അവസരവാദികളുടെ സര്‍ട്ടിഫിക്കറ്റ് എസ്ഡിപിഐക്ക് ആവശ്യമില്ല'; പി ആര്‍ സിയാദ്

Update: 2026-01-20 05:04 GMT

തിരുവനന്തപുരം: എസ്ഡിപിഐയെ തീവ്രവാദ സംഘടന എന്ന് ആക്ഷേപിച്ച പി എം എ സലാമിന്റെ പ്രസ്താവന അവസരവാദിയുടെ ജല്പനങ്ങളാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. ചരിത്രപരമായ സമുദായ വഞ്ചനക്കൊടുവില്‍ ആത്മാഭിമാനമുള്ളവര്‍ മുസ് ലിം ലീഗ് വിട്ടു പോയപ്പോള്‍ രൂപപ്പെട്ട, മുസ് ലിം ലീഗിന്റെ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമായ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ്. ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ഉണ്ടായിരിക്കെ ഇപ്പോഴത്തേതിന് സമാനമായ ആരോപണങ്ങള്‍ മുസ് ലിം ലീഗിനെതിരേ ഉന്നയിച്ച ആളാണ് പി എം എ സലാം. പിന്നീട് മാറുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുസരിച്ച് അവസരവാദപരമായ നിലപാട് സ്വീകരിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ് വിട്ട് മുസ് ലിം ലീഗിലേക്ക് കൂടുമാറിയ പി എം എ സലാമിന്റെ സര്‍ട്ടിഫിക്കറ്റ് എസ്ഡിപിഐക്ക് ആവശ്യമില്ല.

എസ്ഡിപിഐ ഉള്‍പ്പെടേയുള്ള പ്രസ്ഥാനങ്ങള്‍ക്കെതിരേ തീവ്രവാദ ആരോപണങ്ങള്‍ ഉന്നയിച്ചു പൊതുസമൂഹത്തില്‍ നല്ല പിള്ള ചമയാന്‍ ശ്രമിക്കുന്ന ലീഗ് നേതാക്കള്‍ മുസ് ലിം ലീഗിനെ ഉയര്‍ത്തി കാണിച്ചാണ് സംഘപരിവാറും ഇടതുപക്ഷവും വലിയതോതിലുള്ള വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുന്നത് എന്ന കാര്യം മറന്നുപോകരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉണ്ടായ ശക്തമായ ഭരണവിരുദ്ധ തരംഗത്തിന്റെ ആനുകൂല്യം ലഭിച്ച ബലത്തില്‍ ഉത്തരം താങ്ങുന്ന പല്ലിയാണെന്ന് സ്വയം ധരിക്കരുത്. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും എതിരേ നിലകൊള്ളുന്ന സംഘപരിവാര്‍ ഫാഷിസത്തിനെതിരേ വ്യക്തമായ നിലപാടില്ലാത്തവര്‍ എസ്ഡിപിഐക്കെതിരേ നടത്തുന്ന നിഴല്‍യുദ്ധം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.