''വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക''; തൃശൂര്‍ കലക്ടറേറ്റ് മാര്‍ച്ച് 26ന്

Update: 2025-08-25 13:03 GMT

തൃശൂര്‍: വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ ആഗസ്റ്റ് 26 ചൊവ്വാഴ്ച തൃശൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11ന് പടിഞ്ഞാറേ കോട്ടയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് കലക്ടറേറ്റിനു മുമ്പില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ വി അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ടി എം അക്ബര്‍, ജില്ലാ ട്രഷറര്‍ യഹിയ മന്ദലാംകുന്ന് സംസാരിക്കും. 2025 ആഗസ്ത് 25 മുതല്‍ സെപ്തംബര്‍ 25 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന കാംപയിന്റെ ഭാഗമായാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നത്. വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുക, കള്ള വോട്ടിലൂടെ വിജയിച്ച സുരേഷ് ഗോപിയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കുക, വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കലക്ടറേറ്റ് മാര്‍ച്ചില്‍ ഉന്നയിക്കുന്നത്.