പാലത്തായി കേസ് പുറത്തുകൊണ്ടു വന്ന എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വധഭീഷണി; ഫ്‌ലക്‌സ് ബോര്‍ഡില്‍ റീത്ത് വച്ച് ആര്‍എസ്എസ് പ്രകോപനം
കണ്ണൂര്‍: പാനൂരിനടുത്ത് കുന്നോത്തു പറമ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ ചിത്രത്തില്‍ റീത്ത് വച്ച് ആര്‍എസ്എസ് പ്രകോപനം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കൊളവല്ലൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി ഹാറൂണ്‍ കടവത്തൂരിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിച്ചത്. മൊകേരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പടിഞ്ഞാറെ കൂരാറ ബദര്‍ മസ്ജിദിനു സമീപം, കുന്നോത്ത് പറമ്പ് പഞ്ചായത്ത് തൂവക്കുന്ന് പാറേമ്മല്‍ പള്ളിക്കു സമീപം എന്നിവിടങ്ങളിലാണ് മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്നത്. കൂരാറയില്‍ സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡില്‍ ആദ്യം തീവച്ചു നശിപ്പിച്ചു. പിന്നീട് സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡില്‍ കത്തി കൊണ്ട് മുഖം കീറുകയും റീത്തു വയ്ക്കുകയുമായിരുന്നു.
ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ ശിക്ഷിക്കപ്പെട്ട പാലത്തായി പീഡനക്കേസ് ആദ്യമായി പോലിസില്‍ എത്തിച്ചതും കുടുംബത്തിന് നീതി നേടിക്കൊടുക്കാന്‍ തുടക്കം കുറിക്കുകയും ചെയ്തത് ഹാറൂണ്‍ കടവത്തൂര്‍ ആയിരുന്നു. പോക്‌സോ കോടതി പത്മരാജന് മരണം വരെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ ഹാറൂണിനും എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും നേരെ ആര്‍എസ്എസ് സൈബര്‍ ഗ്രൂപ്പുകളില്‍ കൊലവിളിയും ഭീഷണികളും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഫ്‌ലക്‌സ് ബോര്‍ഡില്‍ റീത്ത് വച്ച് വധഭീഷണി ഉയര്‍ത്തുന്നത്. സംഭവത്തില്‍ എസ്ഡിപിഐ പാനൂര്‍ പോലിസില്‍ പരാതി നല്‍കി.
