അട്ടപ്പാടിയിലെ തുടര്‍ച്ചയായ ശിശുമരണം; അധികാരികള്‍ കണ്ണ് തുറക്കണം: എസ്ഡിപിഐ

സ്ത്രീകളെയും കുഞ്ഞുങ്ങളെയും മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ആരോഗ്യത്തോടെ ജീവിക്കാനുള്ള അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാത്തപക്ഷം വിവിധ സാമൂഹ്യ വിഭാഗങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങള്‍ നടത്താന്‍ എസ്ഡിപിഐ മുന്‍കൈയെടുക്കും

Update: 2022-03-01 06:31 GMT
പാലക്കാട്:അട്ടപ്പാടിയിലെ തുടര്‍ച്ചയായ ശിശുമരണ വിഷയത്തില്‍ ഇപ്പോഴും കണ്ണു തുറക്കാത്ത അധികാരികളുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം. ആദിവാസി ജനവിഭാഗങ്ങളുടെ വികസനത്തിന് എന്ന പേരില്‍ കോടികള്‍ ചെലവഴിക്കപ്പെടുന്ന കണക്കുകള്‍ പുറത്തുവരുന്നു എന്നല്ലാതെ ആദിവാസി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ പോഷകാഹാരക്കുറവ് പോലും പരിഹരിക്കാന്‍ ഇതുവരെയും മാറിമാറിവന്ന ഒരു സര്‍ക്കാറിനും സാധിക്കാത്തത് ഖേദകരമാണെന്നും ഷഹീര്‍ വ്യക്തമാക്കി.

ഈ വര്‍ഷത്തെ രണ്ടാമത്തെ ശിശുമരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.2021ല്‍ മാത്രം 9 നവജാതശിശുക്കള്‍ മരണപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.അട്ടപ്പാടിയിലെ ശിശുമരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരത്തെ ഹൈക്കോടതിയുടെ പരിഗണനയില്‍ വരികയും പാലക്കാട് ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് അട്ടപ്പാടിയിലെ വികസനപ്രവര്‍ത്തനങ്ങളുടെ സോഷ്യല്‍ ഓഡിറ്റിംഗ് നടത്താന്‍ വേണ്ടി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നുവെങ്കിലും ഇതുവരെയും വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇനിയും കൂടുതല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ആരോഗ്യത്തോടെ ജീവിക്കാനുള്ള അടിസ്ഥാനപരമായ ആവശ്യങ്ങള്‍ എങ്കിലും അടിയന്തരമായി നിറവേറ്റി കൊടുക്കാന്‍ അധികാരികള്‍ തയ്യാറാകണം. അല്ലാത്തപക്ഷം വിവിധ സാമൂഹ്യ വിഭാഗങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങള്‍ നടത്താന്‍ എസ്ഡിപിഐ മുന്‍കൈയെടുക്കും എന്നും അദ്ദേഹം പ്രസ്ഥാവിച്ചു.

Tags:    

Similar News