എസ്ഡി കോളജില്‍ പരീക്ഷ നടത്തിപ്പില്‍ ഗുരുതര വീഴ്ച; ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി, പരീക്ഷാഫലം തടഞ്ഞ് സര്‍വകലാശാല

Update: 2026-02-13 11:16 GMT

ആലപ്പുഴ: ആലപ്പുഴ എസ്ഡി കോളജില്‍ പരീക്ഷ നടത്തിപ്പില്‍ ഗുരുതര വീഴ്ചയുണ്ടായതോടെ പരീക്ഷാഫലം തടഞ്ഞ് സര്‍വകലാശാല. നാലു വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കുകയായിരുന്നു . സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് റെഗുലര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് നല്‍കിയത്. റെഗുലര്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ആവട്ടെ സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നല്‍കിയത്. പരസ്പരം ചോദ്യപേപ്പര്‍ മാറുകയായിരുന്നു. വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരള സര്‍വകലാശാല വിദ്യാര്‍ഥികളുടെ പരീക്ഷ ഫലങ്ങള്‍ തടഞ്ഞു. പരീക്ഷ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ തെറ്റായ ചോദ്യപേപ്പര്‍ നല്‍കിയതിനാലാണ് കോഡ് മാറിയത്. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്. ഡിസംബര്‍ അവസാനവും ജനുവരി ആദ്യവുമാണ് പരീക്ഷ നടന്നത്. ഫെബ്രുവരി നാലു മുതലാണ് പരീക്ഷാഫലം വന്നു തുടങ്ങിയത്. എന്നാല്‍, ചോദ്യപേപ്പര്‍ കോഡ് മാറിയ പരീക്ഷകളുടെ ഫലം വന്നില്ല. ഇതോടെയാണ് വീഴ്ച വ്യക്തമായത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെയും ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെയും പരീക്ഷ ഫലമാണ് തടഞ്ഞത്.

ഇത്തരമൊരു ഗുരുതര വീഴ്ചയുണ്ടാവാന്‍ കാരണം കോളജ് അധികൃതരുടെ പിഴവാണെന്നും ഇക്കാരണം കൊണ്ടാണ് പരീക്ഷ ഫലം യൂണിവേഴ്‌സിറ്റി തടഞ്ഞതെന്നും ആരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സമരത്തിനിടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന് എസ്ഡി കോളജ് പ്രിന്‍സിപ്പല്‍ സമ്മതിച്ചു. വിദ്യാര്‍ഥികളും കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ പ്രഭാകരന്‍ നായരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന് ഇദ്ദേഹം സമ്മതിച്ചത്.

Tags: