ബാങ്കിന്റെ സാമ്പത്തിക അവകാശങ്ങള്‍ തടയാന്‍ എസ്‌സി/എസ്ടി നിയമം ഉപയോഗിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ബാങ്കുകളുടെ സാമ്പത്തിക അവകാശങ്ങള്‍ തടസ്സപ്പെടുത്താന്‍ എസ്‌സി/എസ്ടി നിയമം ഉപയോഗിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. വായ്പ തിരിച്ചടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് ബാങ്ക,് സ്വത്തിന്മേല്‍ അവകാശം സ്ഥാപിച്ചത് നിയമാനുസൃതമാണെന്നും ഇതില്‍ എസ്‌സി/എസ്ടി നിയമത്തിലെ വകുപ്പുകള്‍ പ്രയോഗിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ആക്‌സിസ് ബാങ്കിനും അതിന്റെ മാനേജിംഗ് ഡയറക്ടര്‍ക്കും സിഇഒയ്ക്കുമെതിരേ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ നടത്തിയ നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ ഉത്തരവ്.
ബാങ്ക് ഉദ്യോഗസ്ഥര്‍ എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ട വ്യക്തിയുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി ആരംഭിച്ചത്. എസ്‌സി/എസ്ടി നിയമത്തിലെ സെക്ഷന്‍ 3(1)(എഫ്), (ജി) പ്രകാരമായിരുന്നു കേസ്.
എന്നാല്‍ 16.69 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതിരുന്നതിനാല്‍ ബാങ്ക് നിയമപ്രകാരം ഈടവകാശം സ്ഥാപിച്ചതാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ഇടപെടുന്നത് അധികാരപരിധിക്ക് പുറത്താണെന്നും ഹൈക്കോടതി വ്യക്തമാക്കി.
