തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന ഇന്ന്

Update: 2025-11-22 03:37 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിങ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം. തുടര്‍ന്ന് റിട്ടേണിങ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.

ഡമ്മി സ്ഥാനാര്‍ഥികള്‍ സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ തിങ്കളാഴ്ചക്കു മുന്‍പ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കും. വിമതന്‍മാരെ പിന്‍ വലിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഒന്നര ലക്ഷത്തിലധികം നാമനിര്‍ദേശപത്രികയാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിലായി സമര്‍പ്പിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലാണ് കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചത്. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് കുറവ് നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചത്.