ഇലക്ട്രിക് ഓട്ടോകള്‍ക്ക് സ്‌ക്രാപ്പേജ് ബോണസും പലിശ ഇളവും; ഓട്ടോ സ്റ്റാന്‍ഡുകള്‍ സ്മാര്‍ട്ട് മൈക്രോ ഹബ്ബുകളാകും

Update: 2026-01-29 06:56 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ പരിസ്ഥിതി സൗഹൃദമായി മാറ്റുന്നതിനുള്ള നിര്‍ണായക നടപടികളാണ് സംസ്ഥാന ബജറ്റിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇലക്ട്രിക് ഓട്ടോറിക്ഷകളിലേക്കുള്ള മാറ്റത്തിന് രണ്ടു തലത്തിലുള്ള സാമ്പത്തിക പിന്തുണയും, ഓട്ടോ സ്റ്റാന്‍ഡുകളുടെ സമഗ്ര ആധുനികവല്‍ക്കരണവും പദ്ധതിയുടെ ഭാഗമാണ്. പെട്രോള്‍-ഡീസല്‍ ഓട്ടോറിക്ഷകള്‍ ഒഴിവാക്കി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ സ്വീകരിക്കുന്നവര്‍ക്ക് 40,000 രൂപയുടെ ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ അറിയിച്ചു. കൂടാതെ, പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി പൊതുമേഖല ബാങ്കുകളില്‍ നിന്ന് എടുക്കുന്ന വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവും അനുവദിക്കും.

സംസ്ഥാനത്തിന്റെ വിനോദസഞ്ചാരവികസന സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തില്‍ കേരളത്തെ രാജ്യാന്തര തലത്തില്‍ മാതൃകയാക്കുന്നതാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടൊപ്പം, സംസ്ഥാനത്തുടനീളമുള്ള 5,000ത്തിലധികം അനൗപചാരിക ഓട്ടോ സ്റ്റാന്‍ഡുകള്‍ സ്മാര്‍ട്ട് മൈക്രോ ഹബ്ബുകളാക്കി മാറ്റുന്നതും പദ്ധതിയിലുണ്ട്. സോളാര്‍ അധിഷ്ഠിത ഇലക്ട്രിക് വാഹന ചാര്‍ജിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് സ്റ്റാന്‍ഡുകളുടെ നവീകരണം. പ്രാദേശിക തലത്തിലുള്ള പൊതുഗതാഗതത്തിന്റെ പ്രധാന സംയോജന ബിന്ദുവാണ് ഓട്ടോ സര്‍വീസുകളെന്ന തിരിച്ചറിവിലാണ് ഈ നീക്കം. പദ്ധതിയുടെ ആദ്യഘട്ടത്തിനായി 20 കോടി രൂപയും, ഇലക്ട്രിക് ചാര്‍ജിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് മൈക്രോ ഹബ്ബുകളുടെ വികസനത്തിനായി മറ്റൊരു 20 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

Tags: