സ്‌കൂട്ടര്‍ റോഡിലെ കുഴിയിലേക്ക് മറിഞ്ഞു; ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
മംഗളൂരു: സ്‌കൂട്ടര്‍ റോഡിലെ കുഴിയിലേക്ക് മറിഞ്ഞ് ഉഡുപ്പി സ്വദേശിനിക്ക് ദാരുണാന്ത്യം. ഉഡുപ്പി സ്വദേശിയായ മാധവി (44) ആണ് മരിച്ചത്. കുളൂരിന് സമീപം ദേശീയപാത 66ലെ കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു. പിന്നാലെ റോഡിലേക്ക് വീണ മാധവിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മാധവി ജോലിക്ക് പോകവെയാണ് അപകടം. കുന്‍ദികനയിലെ എജെ ആശുപത്രിയില്‍ ആയിരുന്നു മാധവി ജോലി ചെയ്തിരുന്നത്.
നിരവധിപേരാണ് ഇതുവരെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ കുഴിയില്‍ വീണ് മരിക്കുന്ന അഞ്ചാമത്തെയാളാണ് മാധവിയെന്ന് പ്രദേശവാസികള്‍ പറയുന്നു. മരണത്തില്‍ നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ട്രക്ക് ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മാധവിയുടെ മരണത്തിന് പിന്നാലെയാണ് അധികൃതരെത്തി റോഡിലെ കുഴികളടച്ചതെന്നും നാട്ടുകാര്‍ പറയുന്നു.