ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; വീണ്ടും സമരത്തിനൊരുങ്ങി ഹര്‍ഷിന
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി ഹര്‍ഷിന. സെക്രട്ടേറിയോറ്റിനുമുന്നില്‍ ഏകദിന സത്യാഗ്രഹം നടത്തുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് അവര്‍ സത്യാഗ്രഹം നടത്തുക. ഇത്രയും കാലമായി ഒരു നീതിയും ലഭിച്ചിട്ടില്ലെന്നും സാമ്പത്തിക സഹായങ്ങളൊന്നും കിട്ടിയില്ലെന്നും അവര്‍ പറയുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമവും അവര്‍ ആരോപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അവര്‍ സത്യാഗ്രഹം ഇരിക്കുന്നത്. സമരത്തിന്റെ ഉദാഘാടനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിക്കും
വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ അനിശ്ചിതകാല സമരം വരെ നടത്തിയിരുന്നു.എന്നാല്‍ നീതി ഉറപ്പാക്കുമെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുകയല്ലാതെ ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും ഹര്‍ഷിന പറയുന്നു. ആരോഗ്യാവസ്ഥ കൂടുതല്‍ ദുരിതത്തിലേക്ക് പോകുകയാണെന്നും മരിച്ചുകഴിഞ്ഞിട്ട് നീതി ലഭിച്ചിട്ട് കാര്യമില്ലെന്നും അവര്‍ പറയുന്നു.
2017 നവംബര്‍ 30ന് ആയിരുന്നു മെഡിക്കല്‍ കോളജില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഈ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഉപകരണം മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് പോലിസ് കണ്ടെത്തിയത്.
