വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
ആലപ്പുഴ: അഞ്ച് വര്‍ഷം മുന്‍പ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി ഗീത ആവശ്യപ്പെട്ടു.
ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ 2021 മേയ് 10നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടര്‍ച്ചയായ രക്തസ്രാവവുമുണ്ടായി. വര്‍ഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവില്‍ ഒരു യൂറോളജി ഡോക്ടറാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ഉഷയെ അമൃത ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഉഷയെ പിന്നിട് ഗ്യാസ്ട്രോയിലേക്ക് മാറ്റി. രാവിലെ തന്നെ സിടി സ്‌കാനും എടുത്തു. വൈകിട്ട് മെഡിക്കല്‍ ബോര്‍ഡ് ചേരും. നാളെയാണ് ശാസ്ത്രക്രിയ നടത്തുക.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം അമ്പലപ്പുഴ പോലിസില്‍ പരാതി നല്‍കും. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയെത്തി കുടുംബത്തില്‍ നിന്ന് വിവരങ്ങളും ശേഖരിക്കും. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഷാനി മോള്‍ ഉസ്മാന്‍ എന്നിവര്‍ ഉഷയെ ആശുപത്രിയിലെത്തി കണ്ടു.
അതേസമയം, മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ ഉഷ ജോസഫെന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക മറന്നുവച്ചതില്‍ വിചിത്ര പ്രതികരണവുമായി ആരോപണ വിധേയയായ ഡോക്ടര്‍ ലളിതാംബിക. താനല്ല ശസ്ത്രക്രിയ നടത്തിയതെന്നും അങ്ങനെയൊരു രോഗിയെ തനിക്ക് അറിയില്ലെന്നും അവര്‍ പ്രതികരിച്ചു. അഞ്ചല്ല അന്‍പത് കൊല്ലം ഉള്ളില്‍ കത്രിക ഇരുന്നാലും ഒരു പ്രശ്നവും ഇല്ലെന്നും ഇത് എപ്പോള്‍ വച്ചതാണെന്നതിന് തെളിവില്ലല്ലോയെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോവിഡ് സമയത്ത് മനുഷ്യന്റെ നന്‍മയ്ക്ക് വേണ്ടി ചെയ്ത ശസ്ത്രക്രിയ ഇപ്പോള്‍ ഡോക്ടര്‍ക്ക് പാരയായെന്നും അവര്‍ പറഞ്ഞിരുന്നു.
