സ്‌കൂള്‍ കലോല്‍സവം 2026; 'മൂന്നു തവണ ജഡ്ജിയായവരെ ഒഴിവാക്കും, സമാപന സമ്മേളനത്തില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാവും'; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ സമാപന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തുടര്‍ച്ചയായി മൂന്നു തവണ ജഡ്ജിയായവര്‍ ഒഴിവാക്കപ്പെടും. വിധികര്‍ത്താക്കള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരില്‍ നിന്നും സത്യവാങ്മൂലവും എഴുതി വാങ്ങുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അറുപത്തി നാലാമത് കേരള സംസ്ഥാന സ്‌കൂള്‍ കലോല്‍സവം 2026 ജനുവരി 14 മുതല്‍ 18 വരെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ വിവിധ വേദികളിലായി നടക്കും. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കലോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പ്രധാന ഔദ്യോഗിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുമായി 2025 ഡിസംബര്‍ 20ന് വിപുലമായ പരിപാടികള്‍ തൃശൂരില്‍ വെച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റവന്യൂമന്ത്രി കെ രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു എന്നിവരും പങ്കെടുക്കുന്നുണ്ട്. രാവിലെ 11.00 മണിക്ക് തേക്കിന്‍കാട് മൈതാനത്ത് വെച്ച് കലോല്‍സവ പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടക്കും. ഉച്ചയ്ക്ക് 12.00 മണിക്ക് തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് എച്ച്എസ്എസിലെ സ്വാഗതസംഘം ഓഫീസില്‍ വച്ച് കലോല്‍സവ ലോഗോ പ്രകാശനം, മീഡിയ അവാര്‍ഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം എന്നിവ നടക്കും. തുടര്‍ന്ന് വിവിധ കമ്മിറ്റി ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും അവലോകന യോഗം ചേരും.
തിരുവനന്തപുരത്ത് നടന്ന അറുപത്തി മൂന്നാമത് കലോല്‍സവത്തിന്റെ മികച്ച മാധ്യമ കവറേജിനുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിക്കുന്നത്. അഞ്ചു ദിവസങ്ങളിലായി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96 ഇനങ്ങളും, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 105 ഇനങ്ങളും സംസ്‌കൃതോല്‍സവത്തില്‍ 19 ഇനങ്ങളും അറബിക് കലോല്‍സവത്തില്‍ 19 ഇനങ്ങളുമാണുള്ളത്. സ്വാഗതസംഘത്തിന്റെ കീഴിലുള്ള വിവിധ സബ് കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വേദി, ഭക്ഷണശാല, താമസം, സുരക്ഷ, ഗതാഗതം തുടങ്ങി എല്ലാ കാര്യങ്ങളിലെയും ക്രമീകരണങ്ങളിലെ പുരോഗതി യോഗം ചര്‍ച്ച ചെയ്യും.
