ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളില്‍ തടഞ്ഞ സംഭവം; പോലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

Update: 2026-02-22 01:56 GMT

കൊല്ലം: സ്‌കൂളില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. കൊട്ടാരക്കര ഈശ്വരവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ് നായര്‍ക്ക് പോലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് ചോദിച്ച കോടതി,

ഹര്‍ജി തീര്‍പ്പാകും വരെ പ്രധാനാധ്യാപികയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍ മാനേജര്‍ ഇടപെടരുതെന്നും പറഞ്ഞു. അധ്യാപികയ്ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി നല്‍കണമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവ് പുറത്തിറക്കി.

ചുരിദാറിട്ടതിന്റെ പേരില്‍ സ്‌കൂളില്‍ പ്രവേശിക്കുന്നത് വിലക്കിയതിനെതിരെ പ്രധാനാധ്യാപിക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിരീക്ഷണങ്ങള്‍ നടത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു കൊട്ടാരക്കര നടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചുരിദാര്‍ ഇട്ട് വന്നതിന്റെ പേരില്‍ പ്രധാനാധ്യാപിക സിന്ധുവിനെ ഗേറ്റിന് മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞത്. സ്‌കൂള്‍ മാനേജര്‍ കെ സുരേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. പോലിസ് ഇടപെട്ടായിരുന്നു അധ്യാപികയെ പിന്നീട് സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ആദ്യം സെക്യൂരിറ്റി ജീവനക്കാരനെതിരെയായിരുന്നു പോലിസ് കേസെടുത്തതെങ്കിലും വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ സുരേഷ് കുമാറിനെയും പ്രതി ചേര്‍ക്കുകയായിരുന്നു.