പാലക്കാട് ജില്ലാ കെഎംസിസി വിദ്യാഭ്യാസ മേഖലയില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു
ജിദ്ദ: പാലക്കാട് ജില്ലാ ജിദ്ദ കെഎംസിസി വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 15 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ പേരില്‍ പ്ലസ് ടു, ഡിഗ്രി, സിവില്‍ സര്‍വീസസ് എന്നീ മൂന്നു കാറ്റഗറികളിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്ന വിധത്തില്‍ ജനറല്‍ കാറ്റഗറിയില്‍ ആയിരിക്കും അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷകര്‍ പ്ലസ് ടു കാറ്റഗറിക്ക് 90% മാര്‍ക്കും ഡിഗ്രി കാറ്റഗറിക്ക് 80% മാര്‍ക്കും സിവില്‍ സര്‍വീസ് കാറ്റഗറിയില്‍ പ്രിലിമിനറി പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ വിജയിച്ചവരായിരിക്കണം.
പദ്ധതിയുടെ 50% പ്രവാസികളും മുന്‍പ്രവാസികളുമായവരുടെ മക്കള്‍ക്ക് വേണ്ടി നീക്കി വെക്കും. വിദ്യാര്‍ത്ഥികളുടെ സ്വഭാവ ശുദ്ധി ഈ സ്‌കോളര്‍ഷിപ്പിന് മാനദണ്ഡമായിരിക്കും. അപേക്ഷകര്‍ നിലവില്‍ പഠനം തുടരുന്നവരായിരിക്കണം. ഡിഗ്രി കാറ്റഗറിക്ക് യുജിസി അംഗീകാരമുള്ള യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള റഗുലറായ ബിരുദ വിദ്യാര്‍ത്ഥികളെയാണ് പരിഗണിക്കുക.
ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് 2025 മെയ് 31 വരെ അപേക്ഷിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് pkdjillakmcc@gmail.comഎന്ന ഇമെയില്‍ വഴിയോ 00966 500161238 എന്ന വാട്‌സ് ആപ്പ് നമ്പറിലോ ബന്ധപെടാവുന്നതാണ്
