'പട്ടികജാതിക്കാര്‍ പ്രത്യേക തരം ആളുകള്‍'; ആന്ധ്രാപ്രദേശില്‍ ദലിത് വിദ്യാര്‍ഥികള്‍ക്കുനേരെ ജാതി അധിക്ഷേപം
കാക്കിനാഡ: ആന്ധ്രാപ്രദേശില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ജാതി അധിക്ഷേപം. കാക്കിനാഡ ജില്ലയിലെ യാന്‍ഡപ്പള്ളി ഹൈസ്‌കൂളിലാണ് സംഭവം. ഇംഗ്ലീഷ് അധ്യാപകന്‍ ദലിത് വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നു. സംഭവത്തില്‍ കോട്ടപ്പള്ളി മണ്ഡലിലെ സ്‌കൂളിന് പുറത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ശ്രീനുബാബു എന്ന അധ്യാപകന്‍ ദലിത് സമുദായത്തിലെ കുട്ടികളെ പലപ്പോഴും അപമാനിച്ചിരുന്നതായി കുട്ടികളുടെ കുടുംബം വ്യക്തമാക്കി.
'നിങ്ങള്‍ വൃത്തികെട്ട ജാതിയില്‍ പെട്ടവരാണ്, പട്ടികജാതിക്കാര്‍ ഒരു പ്രത്യേക തരം ആളുകളാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?' എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അധ്യാപകന്‍ കുട്ടികളോട് പറഞ്ഞിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അധ്യാപകന്‍ നിരന്തരം അപമാനകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തിരുന്നതായും അവര്‍ പറയുന്നു.
വിഷയത്തില്‍ പരാതി നല്‍കിയിട്ടും അധ്യാപകനെതിരേ പ്രധാനാധ്യാപകന്‍ നടപടിയൊന്നുമെടുത്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. സ്‌കൂള്‍ പരിസരത്ത് പോലും ജാതി കൊണ്ടുവരുന്നവരാണോ നിങ്ങള്‍ എന്നായിരുന്നു അവരുടെ ചോദ്യം.