'സ്‌കാം ലോര്‍ഡ്'; സിദ്ധരാമയ്യക്കും ഡി കെ ശിവകുമാറിനുമെതിരേ എക്‌സില്‍ 'അപകീര്‍ത്തികരമായ' പോസ്റ്റ് പങ്കു വച്ച് ബിജെപി
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരെ ലക്ഷ്യമിട്ട് 'അപകീര്‍ത്തികരമായ' പോസ്റ്റ് ഷെയര്‍ ചെയ്ത് ബിജെപിയുടെ 'എക്‌സ്' അക്കൗണ്ട്. 'സ്‌കാം പ്രഭുക്കന്മാര്‍' എന്നും സംസ്ഥാനത്തെ 'കൊള്ളയടിക്കുന്ന'തില്‍ അവര്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്തു കൊണ്ടാണ് പോസ്റ്റ്.
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ ബെംഗളൂരുവിലെ സൈബര്‍ ക്രൈം പോലിസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി.
'സ്‌കാം ലോര്‍ഡ്' എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, 'ഇത് അഴിമതികളുടെ കഥയല്ല, മറിച്ച് അവരുടെ മുന്‍ഗാമികളുടെ കഥയാണ്.' കര്‍ണാടകയെ രാവും പകലും കൊള്ളയടിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതി സാമ്രാജ്യത്തിന്റെ യഥാര്‍ഥ കഥയാണിത്' എന്ന്ാണ് പരാമര്‍ശം.
'കൊള്ള', 'അഴിമതി' എന്നീ വാക്കുകള്‍ ആവര്‍ത്തിച്ച് ഉപയോഗിച്ച് ബിജെപി പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ഇത് വെറും രാഷ്ട്രീയ വിമര്‍ശനമല്ല, ഭരണഘടനാ പദവികള്‍ വഹിക്കുന്നവരുടെ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സമൂഹത്തിന്റെ സമാധാനം തകര്‍ക്കുന്ന ഇത്തരം പോസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.