ഇസ്രായേലിലേക്ക് ആയുധം കൊണ്ടുപോവുന്ന സൗദികപ്പല്‍ തടഞ്ഞെന്ന്; ആയുധം കടത്തിയില്ലെന്ന് സൗദി

Update: 2025-08-13 07:21 GMT

റോം: യുഎസില്‍ നിന്നും ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോവുകയായിരുന്ന സൗദികപ്പല്‍ തുറമുഖ ജീവനക്കാര്‍ തടഞ്ഞെന്ന് റിപോര്‍ട്ട്. ബഹ്‌റി യാന്‍ബു എന്ന കപ്പലിനെ ഇറ്റലിയിലെ ജെനോവ തുറമുഖത്തെ ജീവനക്കാര്‍ തടഞ്ഞുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. തുറമുഖങ്ങളെ സൈനികവല്‍ക്കരിക്കുന്നതിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് തുറമുഖ തൊഴിലാളികള്‍ നടപടി സ്വീകരിച്ചത്. ഗ്രീസ് മുതല്‍ ഇറ്റലിയെ ലിഗുരിയ വരെയുള്ള തുറമുഖങ്ങളില്‍ ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോവുന്ന കപ്പലുകളെ നങ്കൂരമിടാന്‍ തൊഴിലാളികള്‍ അനുവദിക്കുന്നില്ല. തങ്ങളുടെ തുറമുഖങ്ങള്‍ വഴി യുദ്ധം നടത്താനാവില്ലെന്നാണ് തൊഴിലാളി നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ഇസ്രായേലിലേക്ക് ബഹ്‌റി യാന്‍ബു കപ്പല്‍ ആയുധം കൊണ്ടുപോയില്ലെന്ന് സൗദി നാഷണല്‍ ഷിപ്പിങ് കമ്പനി അറിയിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു.