ഹജ്ജ് തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മക്ക സജ്ജം; റോഡ് ശൃംഖലയില്‍ വിപുല നവീകരണം പൂര്‍ത്തിയായതായി സൗദി റോഡ് അതോറിറ്റി

Update: 2026-04-17 08:55 GMT

മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും റോഡ് ശൃംഖല പൂര്‍ണ സജ്ജമായതായി ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സ് അറിയിച്ചു. തീര്‍ത്ഥാടകരുടെ യാത്ര സുരക്ഷിതവും സുഖപ്രദവുമാക്കാന്‍ വ്യാപക അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.

ഹജ്ജ് സീസണ്‍ മുഴുവന്‍ സേവനം ഉറപ്പാക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ വിവിധ റോഡുകളിലായി വിന്യസിച്ചിട്ടുണ്ട്. പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രധാന പാതകള്‍ നേരത്തെ തന്നെ സര്‍വേ നടത്തി ആവശ്യമായ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി 2,15,000 കിലോമീറ്റര്‍ അസ്ഫാല്‍റ്റ് ഉപരിതലങ്ങള്‍ പരിശോധിക്കുകയും 3,500 കിലോമീറ്ററിലധികം റോഡുകള്‍ പുതുക്കിപ്പണിയുകയും ചെയ്തു. യാത്രാസുരക്ഷയ്ക്കായി 2,02,000 ലീനിയര്‍ മീറ്റര്‍ മെറ്റല്‍ ഫെന്‍സിംഗും 1,91,000 ലീനിയര്‍ മീറ്റര്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകളും സ്ഥാപിച്ചു.

മേഖലയിലെ 40 പാലങ്ങള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയതോടൊപ്പം 1,78,000 ലൈറ്റിംഗ് തൂണുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കി. കൂടാതെ 4,000 ദിശാസൂചന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും 5.6 കോടി ക്യൂബിക് മീറ്റര്‍ മണല്‍ നീക്കം ചെയ്ത് റോഡുകള്‍ ശുചീകരിക്കുകയും ചെയ്തു. 6,13,000 ലീനിയര്‍ മീറ്റര്‍ റോഡ് മാര്‍ക്കിങുകളും 96,000 ചതുരശ്ര മീറ്റര്‍ റോഡ് സ്റ്റഡുകളും സ്ഥാപിച്ചതോടെ ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെട്ടു. ഇരുപതിലധികം ആധുനിക സാങ്കേതിക വിദ്യകള്‍ റോഡ് പരിപാലനത്തിനും നിരീക്ഷണത്തിനുമായി ഉപയോഗിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു. നിര്‍മിതബുദ്ധി അധിഷ്ഠിത സര്‍വേ സംവിധാനങ്ങളും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.

തീര്‍ത്ഥാടകരുടെ പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ 938 എന്ന നമ്പറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ നിരീക്ഷണത്തിനായി 300 ഇന്‍സ്‌പെക്ടര്‍മാരടങ്ങിയ സംഘത്തെയും നിയോഗിച്ചു. റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തില്‍ ജി20 രാജ്യങ്ങളില്‍ നാലാം സ്ഥാനവും, റോഡ് കണക്റ്റിവിറ്റിയില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനവും സൗദി അറേബ്യ നേടിയിട്ടുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഈ നേട്ടങ്ങള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തി തീര്‍ത്ഥാടകര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുകയാണ് ലക്ഷ്യമെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സ് അറിയിച്ചു.

Tags: