ന്യൂഡല്‍ഹി: സൗദി അറേബ്യയുമായി വിശാലവും തന്ത്രപധാനവുമായ പങ്കാളിത്തമാണ് ഇന്ത്യയ്ക്കുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം. സൗദിയും ഇന്ത്യയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തില്‍ രണ്ടു രാജ്യങ്ങളുടേയും താത്പര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. സൗദിയും പാകിസ്താനും തമ്മില്‍ ഒപ്പിട്ട തന്ത്രപ്രധാന പ്രതിരോധ സഹകരണ കരാറില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യത്തിനുമെതിരേയുള്ളതായി കണക്കാക്കു''മെന്നതാണ് സൗദി-പാക് കരാറിലെ പ്രധാനവ്യവസ്ഥ. സൗദി-പാക് കരാര്‍ സസൂക്ഷ്മം വിലയിരുത്തുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. ദേശീയ സുരക്ഷയെയും ആഗോള-പ്രാദേശിക സ്ഥിരതയെയും ഇത് ഏത് തരത്തില്‍ ബാധിക്കുമെന്നതിനെക്കുറിച്ച് പഠനം നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.