സൗദിയിലും കൃത്രിമ മഴ ശ്രമം ആരംഭിച്ചു

Update: 2025-08-18 02:48 GMT

റിയാദ്: കൃത്രിമ മഴ ലഭിക്കാനായി സൗദി അറേബ്യയില്‍ ക്ലൗഡ് സീഡിംഗ് ആരംഭിച്ചു. തുടക്കത്തില്‍ റിയാദ്, മക്ക, ഖസീം, ഹയല്‍, അല്‍ ബഹ, അസീര്‍ തുടങ്ങിയ ആറ് പ്രദേശങ്ങളിലായിരിക്കും ക്ലൗഡ് സീഡിംഗ് നടത്തുക. പിന്നീട് രാജ്യ വ്യാപകമായി തന്നെ വ്യാപിപ്പിക്കും. പരിസ്ഥിതിക്ക് യോജിച്ച മൂലകങ്ങള്‍ ഉപയോഗിച്ച് പ്രത്യേക വിമാനങ്ങളിലാണ് അന്തരീക്ഷത്തില്‍ ക്ലൗഡ് സീഡിംഗ് നടത്തുന്നത്. മിഡില്‍ ഈസ്റ്റ് ഗ്രീന്‍ സമ്മിറ്റിന്റെ ഭാഗമായി 2030 ഓടെ പദ്ധതി വിജയത്തിലെത്തിക്കാനാണ് സൗദി പരിശ്രമിക്കുന്നത്. കാലവര്‍ഷം കൂട്ടി കുടിവെള്ള സ്രോതസ്സ് വര്‍ധിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനുമാണ് ഈ ശ്രമം നടത്തുന്നത്. 1986ല്‍ പരീക്ഷണം നടത്തിയിരുന്നെങ്കിലും 2022 മുതലാണ് പരിശ്രമം ആരംഭിച്ചതെന്ന് ക്ലൗഡ് സീഡിംഗ് ഡയറക്ടര്‍ അയ്മന്‍ അല്‍ ബര്‍ പറഞ്ഞു. ഇതിനായി 752 ഫ്‌ളൈറ്റ് സര്‍വ്വീസുകള്‍ 1,879 മണിക്കൂര്‍ ചെലവഴിച്ചാതായും അദ്ദേഹം വ്യക്തമാക്കി.