സൗദിയിലെ പ്രായംകൂടിയ പൗരന്‍ 142ാം വയസില്‍ അന്തരിച്ചു

Update: 2026-01-11 16:18 GMT

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രായംകൂടിയയാള്‍ ശൈഖ് നാസര്‍ ബിന്‍ റദ്ദാന്‍ അല്‍ റഷീദ് അല്‍ വദാഇ(142)അന്തരിച്ചു. തലസ്ഥാന നഗരിയായ റിയാദിലായിരുന്നു അന്ത്യം. സൗദി അറേബ്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമായത്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ രാജാവ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്‌മാന്റെ കാലഘട്ടം മുതല്‍ നിലവിലെ സല്‍മാന്‍ രാജാവിന്റെ ഭരണകാലം വരെ നീളുന്ന ദീര്‍ഘമായ സഊദി ഭരണ മാറ്റങ്ങള്‍ക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു. സൗദി അറേബ്യയുടെ ഏകീകരണവും തുടര്‍ന്നുള്ള വികസന കുതിപ്പുകളും നേരിട്ട് സാക്ഷ്യം വഹിച്ച വ്യക്തിയായിരുന്നു മരണപ്പെട്ട നാസഅല്‍ വദാഇ.

40 തവണ ഹജ്ജ് ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ കുടുംബത്തില്‍ മക്കളും പേരമക്കളുമായി 134 പേരുണ്ട്. 110ാം വയസിലായിരുന്നു അവസാനത്തെ വിവാഹം. ആ ദാമ്പത്യത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അതായത് 110ാം വയസില്‍ അദ്ദേഹം ഒരിക്കല്‍ കൂടി പിതാവായി. ധീരതക്കും ശാരീരിക കരുത്തിനും പേരുകേട്ട അദ്ദേഹം, തന്റെ ഉന്നതമായ സ്വഭാവഗുണങ്ങള്‍ കൊണ്ടും വിവേകം കൊണ്ടും എല്ലാവരുടേയും ബഹുമാനം പിടിച്ചുപറ്റിയിരുന്നു. അത് അദ്ദേഹത്തെ അറിയുന്ന എല്ലാവരുടേയും സ്‌നേഹവും ആദരവും നേടിയെടുക്കാന്‍ കാരണമായി. സമൂഹത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും സമാധാനം കൊണ്ടുവരാനും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.