മധുര: തൂത്തുക്കുടി സാത്തന്‍കുളം കസ്റ്റഡി കൊലപാതകത്തില്‍ ഒന്‍പത് പോലിസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി. 2020 ജൂണിലാണ് പോലിസ് കസ്റ്റഡിയിലിരിക്കെ ജയരാജും മകന്‍ ബെനിക്സും മരിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് രാത്രി 7.45 വരെ കട തുറന്നുവെച്ചു എന്ന് ആരോപിച്ചാണ് മൊബൈല്‍ കട നടത്തിയിരുന്ന ജയരാജനെയും ബെനിക്സണെന്നും പോലിസ് കസ്റ്റഡിയിലെടുത്തത്.
ക്രൂരമായ മര്‍ദനത്തിന് ഇരയായ ഇവര്‍ മൂന്നാംദിവസം മരണപ്പെട്ടു. ആദ്യം മരിച്ചത് അച്ഛന്‍ ജയരാജനാണ്, പിന്നാലെ ബെനിക്സണും മരണപ്പെട്ടു. കേസില്‍ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ വിചാരണ കാലയളവില്‍ മരിച്ചു. ബാക്കി ഒന്‍പത് പ്രതികള്‍ക്കാണ് കോടതി തൂക്കുകയര്‍ വിധിച്ചിരിക്കുന്നത്.
ഇന്‍സ്പെക്ടര്‍ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും ഏഴുവര്‍ഷം തടവും 84 ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, നാല് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഭാവിയില്‍ ഇത്തരം കസ്റ്റഡി കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള താക്കീതായി ഈ ശിക്ഷാവിധി മാറണമെന്നും കോടതി നിരീക്ഷിച്ചു.